‘ഇത് ഹിന്ദു–മുസ്‌ലിം വിഷയമല്ല; കാര്യമറിയാതെ ഭീതി പരത്തരുത്; ഞാൻ രാഷ്ട്രീയക്കാരിയുമല്ല’
Mail This Article
1950- 2015 കാലയളവിൽ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 84.68 ശതമാനത്തിൽനിന്ന് 78.06% ആയി കുറഞ്ഞെന്നും മുസ്‌ലിം ജനസംഖ്യ 9.84 ശതമാനത്തിൽനിന്ന് 14.09 % ആയി വർധിച്ചെന്നും പറയുന്ന പിഎം–ഇഎസി (പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി) റിപ്പോർട്ട് ഉണ്ടാക്കിയ രാഷ്ട്രീയ ഒച്ചപ്പാട് ചില്ലറയല്ല. കേന്ദ്രസർക്കാർ, ജനസംഖ്യയേയും രാഷ്ട്രീയ, വർഗീയ ആയുധമാക്കുകയാണെന്നായിരുന്നു പ്രധാന വിമർശനം. തിരഞ്ഞെടുപ്പുകാലത്തു ധ്രുവീകരണമുണ്ടാക്കാനും യഥാർഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുമാണ് ശ്രമമെന്നു സിപിഐ അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആരോപിച്ചു. എന്നാൽ കോൺഗ്രസ് തന്ത്രപരമായ മൗനം പിന്തുടർന്നു. ബിജെപിയുടെ കെണിയിൽ വീണുകൊടുക്കേണ്ടതില്ലെന്ന ആലോചനയാകാം ഇതിനു പിന്നിൽ. പിഎം–ഇഎസി അംഗവും സാമ്പത്തികശാസ്ത്രജ്ഞയുമായ ഡോ.ഷമിക രവി, കൺസൽറ്റന്റ് അപൂർവ് കുമാർ മിശ്ര, ഏബ്രഹാം ജോസ് എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്. തമിഴ്നാട് ഗവർണറും മുൻ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ആർ.എൻ. രവിയുടെ മകളാണ് ഷമിക. ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ രാജ്യമാണ് ഇന്ത്യയെന്ന ആഖ്യാനമാണ് റിപ്പോർട്ട് നൽകുന്നതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യാവിഹിതത്തിലെ വളർച്ച സംബന്ധിച്ച ആശങ്ക പങ്കുവയ്ക്കാനാണ് പല ബിജെപി നേതാക്കളും ഈ റിപ്പോർട്ട് ഉപയോഗിച്ചത്. സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് ഉപദേശങ്ങൾ നൽകുന്ന സമിതിയാണ് ഇഎസി. റിപ്പോർട്ട് വിവാദമായ സാഹചര്യത്തിൽ അതു തയാറാക്കിയ പിഎ–ഇഎസി അംഗം ഡോ.ഷമിക രവി 'മനോരമ ഓൺലൈൻ പ്രീമിയ'ത്തിൽ സംസാരിക്കുന്നു. യുഎസ് കേന്ദ്രമായ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ഇന്ത്യ സെന്റർ സീനിയർ ഫെലോ കൂടിയായ ഷമിക ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ വിസിറ്റിങ് പ്രഫസറുമാണ്.