‘ആവേശം’ മോഡൽ പാർട്ടി; ജയിലിൽ കൊലപാതക വാർഷികം; ഗുണ്ടകൾപറയുന്നു, ‘ഇത് ചങ്ങലക്കെണിയാണ്’
Mail This Article
ഗുണ്ടകൾ മനുഷ്യശരീരം വെട്ടുകയും കുത്തുകയും മാത്രമല്ല, ആ ക്രൂരത സമൂഹമാധ്യമങ്ങളിലിട്ട് ആഘോഷിക്കുകയുമാണ്. ലൈക്കും ഷെയറും കൂടുമ്പോൾ ഗുണ്ട ഹീറോയാകുന്നു. ഗുണ്ടകൾ ഹീറോയാകുന്ന കേരളത്തിൽ അവരെ റോൾ മോഡലാക്കുകയാണു യുവത്വം. തൃശൂർ കൊട്ടേക്കാട് പാടശേഖരത്തിൽ ‘ആവേശം’ മോഡൽ പാർട്ടി നടത്തി ഗുണ്ടാസംഘം റീൽസ് ഇറക്കിയതു കഴിഞ്ഞയാഴ്ച. ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഘോഷമാണു ഗുണ്ടാനേതാവും സംഘവും നടത്തിയത്. ഇറങ്ങിയതിന്റെ ആഘോഷം നടത്തിയതു പാടത്താണെങ്കിൽ ഇരട്ടക്കൊലപാതകത്തിന്റെ വാർഷികാഘോഷം ഈ സംഘം ജയിലിൽ നടത്തി. വിയ്യൂർ സെൻട്രൽ ജയിലിലെ ഡി ബ്ലോക്കിൽ കഴിയുമ്പോൾ രണ്ടു വർഷം മുൻപാണു മദ്യവും ഭക്ഷണവും വിളമ്പി ഇവർ ബ്ലോക്കിൽ ആഘോഷരാവ് സംഘടിപ്പിച്ചത്. മദ്യം കടത്താൻ സഹായിച്ചതു ചില ജയിൽ ഉദ്യോഗസ്ഥരാണ്. അവർക്ക് അതിനുള്ള പ്രതിഫലവും കിട്ടി. ആഘോഷം അടുത്തദിവസം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ ജയിലിൽ നിന്നിറങ്ങിയശേഷമുള്ള ആഘോഷം വിവാദമായതോടെയാണ്, അന്നു ജയിലിൽ നടന്നതു കൊലപാതകത്തിന്റെ വാർഷികാഘോഷമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കിയത്.