കശ്മീരിൽ ജനാധിപത്യത്തിന്റെ പുതുനാമ്പുകൾ; ലോകശക്തിയാകാൻ ഇന്ത്യ, ഗോതമ്പുപൊടിക്ക് അടി കൂടി പാക്കിസ്ഥാനും
Mail This Article
സംഘർഷഭരിതവും രക്തരൂഷിതവുമായ മൂന്നര പതിറ്റാണ്ടിനു ശേഷം കശ്മീരിൽ വീണ്ടും ജനാധിപത്യം തളിരിടുകയാണെന്ന് വോട്ടെടുപ്പിലെ അഭൂതപൂർവമായ ജനപങ്കാളിത്തം സൂചന നൽകുന്നു. താഴ്‌വരയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും 2019ൽ നടന്ന തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലക്ഷക്കണക്കിന് വോട്ടർമാർ കൂടുതലായി വോട്ട് രേഖപ്പെടുത്തി. ഇവരിൽ 80 വയസ്സിനിടെ ആദ്യമായി വോട്ട് ചെയ്തവരും ഭീകരപ്രവർത്തനങ്ങളുടെ പേരിൽ ജയിലിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളും നിരോധിത തീവ്രവാദ സംഘടനകളുടെ പ്രവർത്തകരുമുണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഴയ ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും സംസ്ഥാനത്തിനു പ്രത്യേക പദവി നൽകിയിരുന്ന 370–ാം അനുച്ഛേദം റദ്ദാക്കുകയും ചെയ്തശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിനോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ ലോകം ഉദ്വേഗപൂർവം കാത്തിരിക്കുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങളും മറ്റ് ഇന്ത്യ വിരുദ്ധ ശക്തികളും കഴുകൻ കണ്ണുകളോടെ വീക്ഷിച്ചിരുന്ന തിരഞ്ഞെടുപ്പിൽ ജനം കൂട്ടമായി വോട്ടു ചെയ്യാൻ എത്തിയത് ജനാധിപത്യത്തിന്റെ വിജയമായി ശത്രുക്കൾക്കു പോലും അംഗീകരിക്കേണ്ടിവരും.