‘എൻഇപി വന്നാൽ കോളജുകൾ പൂട്ടും; വിദ്യാർഥികളെ അവർക്ക് ഭയം; ‘രാം കെ നാം’ പ്രദർശിപ്പിക്കാൻ പറഞ്ഞിട്ടില്ല’
Mail This Article
ഇന്ത്യയിലെ പതിനാറ് വിദ്യാർഥി സംഘടനകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ‘യുണൈറ്റഡ് സ്റ്റുഡന്റസ് ഓഫ് ഇന്ത്യ’ എന്ന പേരിൽ രൂപം കൊണ്ട വിദ്യാർഥി സഖ്യം 2024 ജനുവരി 12ന് ഡൽഹിയിൽ ഒരു പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു. ആ മാർച്ചിൽ പങ്കെടുത്ത് സംസാരിച്ചവരിൽ ഒരാളായിരുന്നു ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ മൂന്നാം വർഷ ഗവേഷക വിദ്യാർഥിയും വയനാട് സ്വദേശിയുമായ പി.എസ്.രാമദാസ്. ആ പ്രസംഗത്തിന് രാം ദാസിന് കൊടുക്കേണ്ടി വന്ന വില ചെറുതല്ല. ഏപ്രിൽ 18ന് അച്ചടക്ക നടപടികൾ ചൂണ്ടിക്കാട്ടി രണ്ടുവർഷത്തേക്ക് രാമദാസിനെ സസ്പെൻഡ് ചെയ്തു. ടിസ്സിന്റെ എല്ലാ ക്യാംപസുകളിൽ നിന്നും വിലക്കുകയും ഗവേഷണത്തിൽ നിന്നും ഡീബാർ ചെയ്യുകയും ചെയ്തതോടെ ഗവേഷണവും സ്കോളർഷിപ്പും മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം അംഗവുമായ ദലിത് ഗവേഷക വിദ്യാർഥി രാമദാസ്. പാർലമെന്റ് മാർച്ചിൽ സംസാരിച്ചതിനും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ആനന്ദ് പട്‌വർധൻ സംവിധാനം ചെയ്ത ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി ക്യാംപസിൽ പ്രദർശിപ്പിക്കാൻ ആഹ്വാനം ചെയ്തതിനുമാണ് നടപടി നേരിടേണ്ടി വന്നത്. ടിസ്സ്, കേന്ദ്ര സര്‍ക്കാർ, യുജിസി എന്നിവയ്ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയല്‍ ചെയ്തിരിക്കുകയാണ് രാമദാസ്. ജൂൺ 18നാണ് ആദ്യ ഹിയറിങ്. സമരവഴികളെപ്പറ്റി രാമദാസ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.