മണിക്കൂറുകൾക്കകം നിക്ഷേപർക്ക് നേട്ടം 14 ലക്ഷം കോടി; അമിത് ഷാ പറഞ്ഞത് വെറുതെയായില്ല? തയാറെടുത്ത് ‘മോദി ഓഹരികൾ’
Mail This Article
‘‘എനിക്ക് ഓഹരി വിപണിയിലെ നീക്കങ്ങൾ പ്രവചിക്കാൻ കഴിയില്ല. എന്നാൽ സാധാരണയായി കേന്ദ്രത്തിൽ സ്ഥിരതയുള്ള ഒരു സർക്കാർ വരുമ്പോൾ വിപണി കുതിച്ചുയരും. നാനൂറിലധികം സീറ്റിൽ വിജയം (ബിജെപി/ എൻഡിഎ) നേടിയാൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതും വിപണി കുതിച്ചുയരുന്നതും ഞാൻ കാണുന്നു, ജൂൺ നാലിന് മുൻപ് ഓഹരികൾ വാങ്ങൂ...’’ – അടുത്തിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകൾ. ഏപ്രിൽ, മേയ് മാസങ്ങളിൽ ഓഹരി വിപണിയിൽ സംഭവിച്ച ചാഞ്ചാട്ടങ്ങളെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ടതില്ല, തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ 4ന് മുൻപ് ഓഹരികൾ വാങ്ങാനാണ് അമിത് ഷാ നിക്ഷേപകരോട് നിർദേശിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വിവിധ എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നതു പോലെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാമതും ഭരിക്കുമെന്നാണ്. 350ലധികം ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരം നിലനിർത്തിയാൽ രാജ്യത്തെ സമ്പദ്മേഖലയിലും വൻ ചലനങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ബിജെപി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാൽ ഓഹരി വിപണിയിൽ സ്ഫോടനാത്മകമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ചും 'മോദി ഓഹരികൾ' റെക്കോർഡ് നേട്ടം കൈവരിച്ചേക്കും. എന്താണീ ‘മോദി ഓഹരികൾ’?