പിന്മാറാനില്ല, ഈ വിദ്യാർഥികൾ വിശ്രമിക്കാനുമില്ല; ചെറുത്തുനിൽപാണ് ആയുധം; ‘എല്ലാ പോരാട്ടവും പലസ്തീനു വേണ്ടി...’
Mail This Article
‘ഞങ്ങൾ പിന്മാറില്ല, ഞങ്ങൾ വിശ്രമിക്കില്ല. ഞങ്ങൾ വെളിപ്പെടുത്തും ഞങ്ങൾ ചെറുത്തുനിൽക്കും’ – ലോകത്തെമ്പാടുമുള്ള സർവകലാശാലകളിലെ വിദ്യാർഥികൾ സമരമുഖത്താണ്. പലസ്തീൻ സ്വതന്ത്രമാകും വരെ പോരാട്ടം തുടരുമെന്നറിയിച്ചുകൊണ്ടുള്ള സമരമുഖത്ത് വിദ്യാർഥികൾക്ക് കരുത്തായി അധ്യാപകരുമുണ്ട്. എന്നാൽ, അവർക്കെതിരെ തെരുവുകളിൽ സംഘടിക്കാനും ആളുകളുണ്ടായി. വിദ്യാർഥികൾക്കെതിരെ, പൊലീസിനെ ഉപയോഗിച്ചുള്ള ബലപ്രയോഗം കൊണ്ടും അധികാര പ്രയോഗങ്ങൾകൊണ്ടും ഭരണകൂടങ്ങൾ പ്രതിരോധ ശ്രമങ്ങൾ നടത്തുന്നു. ലോകത്താകമാനം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടതും ക്യാംപസുകളിൽ നിന്ന് പുറത്താക്കപ്പെട്ടതും. ഒരുവശത്ത് സമത്വവും സ്വാതന്ത്ര്യവും പഠിപ്പിക്കുന്ന അതേ സർവകലാശാലകൾ തന്നെ മറുവശത്ത് വംശഹത്യയെ പ്രോത്സാഹിപ്പിക്കുകയും കൊളോണിയൽ ശക്തികളിൽ നിന്ന് കണ്ടെത്തുന്ന സാമ്പത്തിക സ്രോതസ്സുകൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിദ്യാർഥി പ്രക്ഷോഭങ്ങളുടെ ആരംഭം. ഗാസയ്ക്ക് എതിരെയുള്ള ഇസ്രയേൽ ആക്രമണത്തിന് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎസ് സർവകലാശാലകളിൽ ഒരു മാസത്തോളമായി നടന്നു വന്ന സമരം ഇപ്പോൾ ഓസ്‌ട്രേലിയയിലേയ്ക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. യുഎസ് സർവകലാശാലകളിലെ പ്രതിഷേധങ്ങളേക്കാൾ ഭയപ്പെടുത്തുന്നതാണ്