കണ്ടവരും കണ്ണടച്ചവരും – വായിക്കാം ‘ഇന്ത്യാ ഫയൽ’
Mail This Article
18–ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ തലയുയർത്തി നിൽക്കാൻ സുപ്രീം കോടതി ഉൾപ്പെടെയുള്ള ജുഡീഷ്യറിക്കു കാരണങ്ങളുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷനും അതു സാധിക്കേണ്ടതായിരുന്നു. തങ്ങൾക്കെതിരെയുള്ള വിമർശനങ്ങളിൽ കഴമ്പില്ലെന്നും ആരോപണങ്ങൾ പലതും ദുരുദ്ദേശ്യത്തോടെ ഉള്ളതാണെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഇന്നലെ അവകാശപ്പെട്ടത്. ആ ഭാഷ സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിനു ചേർന്നതല്ല; സർക്കാർ ശൈലിയാണെന്നു വിമർശനമുയരുന്നു. ചരിത്രത്തിന്റെ കണക്കെടുപ്പ് ഭരണാധികാരികൾക്കെന്നപോലെ ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധകമാണ്. അതു സംഭവിക്കുമ്പോൾ, തങ്ങളുടെ ഉത്തരവാദിത്തം ശരിയായി നിർവഹിച്ചവർ എന്നുപറഞ്ഞ് കയ്യുയർത്താൻ സാധിക്കുമോയെന്നതു തിരഞ്ഞെടുപ്പു കമ്മിഷൻ സ്വയം ചോദിക്കേണ്ട ചോദ്യമാണ്. സർക്കാരിന്റെ ഒരു വകുപ്പെന്നപോലെ പ്രവർത്തിക്കാൻ നിർബന്ധിതരായെന്നു വിമർശിക്കപ്പെടാമെന്ന ആശങ്ക അലട്ടേണ്ടതുമാണ്.