ഒടുവില് ആ തിരിച്ചറിവ്: മോദി ഗാരന്റിക്ക് ഉറപ്പ് പോരാ! പ്രധാനമന്ത്രിക്ക് ‘പെൻഷൻ’ നൽകി പറഞ്ഞയയ്ക്കുമോ ആർഎസ്എസ്?
Mail This Article
അഞ്ചു വർഷം മുൻപ് പ്രചാരണം പൂർത്തിയാക്കി കേദാർനാഥിൽ ധ്യാനത്തിനു പോയ നരേന്ദ്ര മോദി ഇക്കുറി കന്യാകുമാരി തിരഞ്ഞെടുത്തത് എന്തിനായിരുന്നു? ആദ്യ റൗണ്ടിൽ വാരാണസിയിൽ 6223 വോട്ടുകൾക്ക് മോദി പിന്നിലായപ്പോൾ ധ്യാനഭൂമിയുടെ പ്രാധാന്യം വ്യക്തമാകുന്നു. ബിജെപിയുടെ ശക്തിദുർഗമായ ഉത്തർ പ്രദേശ് കൈവിടുമെന്ന് മോദി നേരത്തേ മനസ്സിലാക്കിയിരുന്നോ? തെക്കും കിഴക്കുമുള്ള തെലങ്കാനയും ഒഡീഷയും കർണാടകയും ഒപ്പം നിന്നതിനാൽ മാത്രം മോദിക്കു മുഖം രക്ഷിക്കാൻ കഴിഞ്ഞു. ജൂൺ നാലിനു വൈകിട്ട് പതിവുപോലെ നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് എത്തി. സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. വേദിയിൽ അമിത് ഷായും ജെ.പി. നഡ്ഡയും രാജ് നാഥ് സിങ്ങും മാത്രം. അഞ്ചു വർഷം മുമ്പ് പ്രവർത്തകരുടെ കൈയടി മൂലം മോദിക്ക് പ്രസംഗം ഇടയ്ക്ക് നിർത്തേണ്ടി വന്നു. ഇത്തവണ കൈയടിക്കാൻ വേണ്ടി മോദി പ്രസംഗം പലവട്ടം നിർത്തി. വേദിയുടെ പിന്നിലെ ബാക് ഡ്രോപ്പും അവ്യക്തം. മോദി 3.0 എങ്ങനെയാകുമെന്ന അവ്യക്തത പോലെ. മോദിയുടെ പ്രചാരണ യാത്ര അവസാനിച്ചത് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിലാണ്. കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധി തന്റെ ജോഡോ യാത്ര ആരംഭിച്ചത്. കന്യാകുമാരിയിൽ മോദിയുടെ ജൈത്രയാത്ര പൂർത്തിയാകുകയാണോ? അവിടെനിന്ന് രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ആരംഭിക്കുകയാണോ? ഈ ചോദ്യങ്ങൾക്ക് വരും ദിനങ്ങളിൽ ഉത്തരം ലഭിക്കും. 400 സീറ്റിൽ മോദി ഗാരന്റിയുമായി സമാരംഭിച്ച മോദിയുടെ യാഗാശ്വത്തെ ആരാണ് പിടിച്ചു കെട്ടിയത്? മൂന്നാമൂഴം ലഭിച്ചാലും പൂർത്തിയാക്കാമെന്ന് മോദിക്ക് ആരു ഗാരന്റി നൽകും? ബിജെപിയിൽ മോദിയെ കാത്തിരിക്കുന്നത് എൽ.കെ. അദ്വാനിയുടെ മാർഗനിർദേശക് മണ്ഡലാണോ?