സ്വേച്ഛാധിപതികൾ അസന്തുഷ്ടിയോടെ കാണുന്ന ഇന്ത്യൻ ‘പ്രതിഭാസം’: മരിച്ചിട്ടില്ല, ആ ഇന്ത്യ– സക്കറിയ എഴുതുന്നു
Mail This Article
ബ്രിട്ടിഷുകാർ 1947ൽ ഇന്ത്യയിൽ വിട്ടുപോയത് 560ൽ ഏറെ നാട്ടുരാജ്യങ്ങളും കുറെ നാടുവാഴി ദേശങ്ങളുമായിരുന്നു. അതു രാഷ്ട്രീയമായ ഒരു ചിത്രം മാത്രം. അവർ യഥാർഥത്തിൽ കൈവിട്ടത് സംസ്കാരങ്ങളുടെ ഒരു അപൂർവ മാന്ത്രിക ഭണ്ഡാരമായിരുന്നു. നൂറു കണക്കിനു ഭാഷകൾ, ജീവിത–ആഹാര–വസ്ത്ര ശൈലികൾ, ആധ്യാത്മിക സമ്പ്രദായങ്ങൾ, സംഗീത–നൃത്ത–ചിത്രകലാ–വാസ്തു ശൈലികൾ, സാഹിത്യങ്ങൾ, ആദിമഗോത്രങ്ങൾ, കാർഷികവിഭവ സമൃദ്ധികൾ... നീണ്ട പട്ടികയാണത്. നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന പുസ്തകം ആഘോഷിക്കുന്ന ഇന്ത്യയാണത്. ടഗോറിന്റെ ‘ജനഗണമന’ എന്ന ഗാനം (നമ്മുടെ ദേശീയ ഗാനം) മംഗളം ആശംസിക്കുന്ന ഇന്ത്യയാണത്. ആ ഇന്ത്യയെപ്പറ്റിയാണ് അല്ലാമ മുഹമ്മദ് ഇഖ്ബാൽ പ്രഖ്യാപിച്ചത്: ‘‘സാരേ ജഹാൻ സേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ’’ – എല്ലാ ഇടങ്ങളെക്കാളും നല്ലതാണ് നമ്മുടെ ഹിന്ദുസ്ഥാൻ. സർദാർ പട്ടേലും അദ്ദേഹത്തിന്റെ വിശ്വസ്ത ദൂതൻ വി.പി.മേനോനും ചേർന്ന് മേൽപറഞ്ഞ നാട്ടുരാജ്യങ്ങളെ കൂട്ടിയിണക്കി ഇന്ത്യയെ കരുപ്പിടിപ്പിച്ച ചരിത്രം രസകരവും സംഭവബഹുലവുമാണ്.