വിദ്യാർഥികളുടെ കണ്ണീരിന് മറുപടി പറയാതെ കേന്ദ്രവും എൻടിഎയും; ശിക്ഷയാകുന്നോ ഈ പരീക്ഷ?
Mail This Article
ജൂൺ നാലിനു ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയുടെ (നീറ്റ്–യുജി) ഫലമെത്തിയതിനു പിന്നാലെ വിവാദങ്ങൾ. 12നു നടന്ന നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻസിഇടി) സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നു മാറ്റിവയ്ക്കേണ്ടി വന്നു. ഒടുവിൽ യുജിസി– നെറ്റ് പരീക്ഷ റദ്ദാക്കൽ. ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) പിഴവുകൾക്ക് ഇരയായതു ലക്ഷക്കണക്കിനു വിദ്യാർഥികൾ. അവരും കുടുംബാംഗങ്ങളും നേരിടുന്ന മാനസിക സമ്മർദവുമേറെ. കേന്ദ്രസർക്കാരിനും എൻടിഎയ്ക്കും വിദ്യാർഥികളുടെ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകാനുമാകുന്നില്ല. എൻടിഎ നടത്തിയ വിവിധ പരീക്ഷകളിൽ ചെറുതും വലുതുമായ പല പിഴവുകളും മുൻപുമുണ്ടായിരുന്നു. രാജ്യത്ത് ഏറ്റവുമധികം വിദ്യാർഥികളെഴുതുന്ന മത്സരപ്പരീക്ഷയായ നീറ്റ്–യുജിയുമായി ബന്ധപ്പെട്ട് ഇക്കുറിയുണ്ടായ വിവാദങ്ങളോടെയാണ് ഈ പിഴവുകൾ രാജ്യം കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത്.