ഡോളർ വച്ചുള്ള ‘വിരട്ടൽ’ അവസാനിക്കുന്നു, യുഎസിന് ഞെട്ടൽ; പുതിയ നിധി തേടി സൗദിയും; അസ്തമിക്കുന്നത് ‘പെട്രോഡോളർ’ യുഗം?
Mail This Article
‘‘ഇതിന്റെയൊക്കെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടിവരും’’ 2022 ഒക്ടോബർ 11, അന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സൗദി അറേബ്യയെ എണ്ണയുടെ പേരിൽ ഭീഷണിപ്പെടുത്തി തുടങ്ങിയത്. യുഎസിന്റെ എതിർപ്പ് അവഗണിച്ച് എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ബൈഡന്റെ ഭീഷണി. ആയുധ വിൽപന ഉൾപ്പെടെ സൗദി അറേബ്യയുമായുള്ള എല്ലാ സഹകരണവും ഉടൻ മരവിപ്പിക്കണമെന്ന് ഡമോക്രാറ്റിക് സെനറ്റർ ബോബ് മെനെൻഡസ് പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു പ്രസിഡന്റിന്റെയും മുന്നറിയിപ്പ്. അന്നേ സൗദി തീരുമാനിച്ചിരിക്കാം, ഇനി ഡോളർ, യുഎസ് ബന്ധം അത്രയ്ക്ക് വേണ്ടെന്ന്. യുക്രെയ്ൻ-റഷ്യ യുദ്ധവും വിപണിയിൽ ഉയർന്നുവന്ന ചില വെല്ലുവിളികളും യുഎസിൽ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ബൈഡന് വൻ തലവേദനയാകുമെന്ന ഭയം ഡമോക്രാറ്റുകൾക്കുണ്ടായിരുന്നു. ആ സമയത്താണ് സൗദിയും സംഘവും എണ്ണ ഉൽപാദനം കുറയ്ക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയതും. യുഎസ് ഭരണക്കൂടത്തിനാകട്ടെ, ഇത് മുഖത്തേറ്റ കനത്ത അടിയുമായി. പാൽകൊടുത്ത് വളർത്തിയ സൗദി സ്വന്തം കയ്യിന് തന്നെ കടിക്കുമെന്ന് യുഎസും കരുതികാണില്ല. ഇപ്പോൾ യുഎസുമായുള്ള ബന്ധങ്ങളെല്ലാം പതുക്കെ അവസാനിപ്പിക്കാൻ തന്നെയാണ് സൗദി നീക്കമെന്നു പറയാം.