അതിന് നന്ദി പറയേണ്ടത് ബിജെപിക്ക്; ഏടാകൂടമല്ല, വിശുദ്ധ ഗ്രന്ഥം – സക്കറിയ എഴുതുന്നു
Mail This Article
പുതിയ ലോക്സഭയിൽ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തപ്പോൾ രാഹുൽ ഗാന്ധിയും മറ്റു കോൺഗ്രസ് അംഗങ്ങളും ഭരണഘടന ഉയർത്തിപ്പിടിച്ചതും രാഹുൽ ഭരണഘടന ഉയർത്തിക്കാട്ടിയശേഷം പ്രതിജ്ഞയെടുത്തതും പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭരണഘടനയ്ക്ക് ഇത്തരത്തിലൊരു രാഷ്ട്രീയ താരപദവി ലഭിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികൾക്കും ഭരണകൂടങ്ങൾക്കും ഭരണഘടനയോടു പൊതുവിലുള്ള സമീപനം മറ്റൊരു ഏടാകൂടം എന്നതായിരുന്നു: ഒരു വഴിമുടക്കി. പൗരസമൂഹം അതിനെ കണ്ടിരുന്നത് മനസ്സിലാവാത്ത മറ്റൊരു സർക്കാർ ഗ്രന്ഥം എന്ന രീതിയിലാണ്. അതിനു കാരണമുണ്ട്. വായനാസൗഹൃദമല്ലാത്ത, നിയമപദാവലികളിൽ മുങ്ങിയ ഒരു ‘ഒൗദ്യോഗിക’ രേഖയാണ് ഭരണഘടന. അതു വായിച്ചു രസിക്കാവുന്നതല്ല. സാധാരണപൗരന് എത്തിപ്പിടിക്കാനാവാത്ത ഈ പുസ്തകം വല്ലപ്പോഴും പൊതുശ്രദ്ധയിലെത്തുന്നത് ഉന്നത നീതിപീഠങ്ങൾ പരാമർശിക്കുമ്പോഴാണ്. അതിന്റെ ഒറ്റപ്പെട്ട വ്യവസ്ഥകൾ പാർലമെന്റിലും നിയമസഭകളിലും നിയമനിർമാണ ചർച്ചകളിൽ മാത്രം പരാമർശിക്കപ്പെട്ടിരുന്നു.