പത്തരമാറ്റ് ജയമെങ്കിലും ലേബറിന് പണികൂടും; അന്ന് ബിജെപിയോട് ഇടഞ്ഞു; ആ കരാറിൽ തീരുമാനം ഉടൻ?
Mail This Article
ബ്രെക്സിറ്റിലൂടെ രാജ്യാന്തരതലത്തിൽ ബ്രിട്ടന്റെ വില കളഞ്ഞ, രാജ്യത്തെ സാമ്പത്തിക–സാമൂഹിക പ്രതിസന്ധികളിലേക്കു തള്ളിവിട്ട, 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിനൊടുവിൽ ഒരു ലേബർ പ്രധാനമന്ത്രിയെ കണികണ്ടാണ് ബ്രിട്ടിഷ് ജനത ഇന്നലെ ഉറക്കമുണർന്നത്. ബ്രിട്ടിഷ് ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിക്കസേരയിലിരുന്ന ഏഷ്യക്കാരനും ഇന്ത്യൻ വംശജനുമായ ഋഷി സുനകിന്റെ നിറംകെട്ട മടങ്ങിപ്പോക്കും ബ്രിട്ടൻ കണ്ടു. കൺസർവേറ്റീവ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ ഈ പരാജയത്തെ ഭൂകമ്പം, ചരിത്രം, സ്റ്റാമെർ സൂനാമി എന്നൊക്കെ പലരും വിശേഷിപ്പിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പുഫലത്തിനു കാരണങ്ങൾ പലതുണ്ട്. എങ്കിലും കൺസർവേറ്റീവ് പാർട്ടിയെ സംബന്ധിച്ച്, അഞ്ചു വർഷം മുൻപു ലഭിച്ച വൻഭൂരിപക്ഷത്തെ എങ്ങനെയൊക്കെ പാഴാക്കിക്കളയാം എന്ന പാഠത്തിന്റെ അവസാനത്തെ അധ്യായമാണിത്.