ഇന്ത്യൻ ‘ശക്തി’ക്കെതിരെയും ഡോളറിന്റെ ഉപരോധ തന്ത്രം: കടം കൊടുത്ത് ഇരകളാക്കുന്ന യുഎസ്: കണ്ണീരിന്റെ കറൻസിക്കഥകൾ
Mail This Article
യുഎസ് എന്ന ലോകശക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ മിസൈലുകളും പോർവിമാനങ്ങളും അണ്വായുധങ്ങളുമായിരിക്കും പലപ്പോഴും മനസ്സിലേക്ക് വരിക. എന്നാൽ ആ ചിന്തയുടെയെല്ലാം പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് അവിശ്വസനീയമാംവിധം ശക്തമായ മറ്റൊരു ആയുധമാണ്, അതിന്റെ പേരാണ് ‘ഡോളർ’. ലോകത്തെ ഏറ്റവും വലിയ ‘ആയുധമാണ്’ ഡോളർ എന്നു പറഞ്ഞിട്ടുള്ള സാമ്പത്തിക വിദഗ്ധരും ഏറെ. യുഎസ് ഡോളർ ലോക വിപണിയിലെ മുൻനിര കറൻസിയായി തുടരുന്നു. 2023ലെ കണക്കനുസരിച്ച്, രാജ്യാന്തര വിദേശ നാണയ ശേഖരത്തിന്റെ ഏകദേശം 57.9 ശതമാനവും യുഎസ് ഡോളറാണ്. ഇത് രാജ്യാന്തര ധനകാര്യത്തിൽ ഡോളറിന്റെ ശക്തിയെയാണ് കാണിക്കുന്നത്. കൂടാതെ, എല്ലാ വിദേശ വിനിമയ ഇടപാടുകളിലും ഏകദേശം 88 ശതമാനവും ഡോളർ ഉപയോഗിക്കുന്നു. ഇതുവഴി രാജ്യാന്തര വ്യാപാരത്തിലും ധനകാര്യത്തിലും ഡോളർ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. എണ്ണ, സ്വർണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ചരക്ക് വ്യാപാരത്തിനുള്ള പ്രാഥമിക കറൻസി എന്ന നിലയിലും ഡോളറിന്റെ നേതൃത്വം പ്രകടമാണ്. പ്രധാന രാജ്യാന്തര വായ്പകളും ബോണ്ടുകളും പലപ്പോഴും യുഎസ് ഡോളറിലാണ് ഇഷ്യു ചെയ്യുന്നത്. ഇതും ലോകത്തിലെ പ്രധാന കരുതൽ കറൻസി എന്ന നിലയിൽ ഡോളറിനെ ശക്തമാക്കുന്നു. റഷ്യയും ചൈനയും ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും രാജ്യാന്തര സമ്പദ്‌വ്യവസ്ഥയിൽ ഇപ്പോഴും യുഎസ് ഡോളർ തന്നയാണ് ഒന്നാം സ്ഥാനത്ത്. ഡോളറിന്റെ ആധിപത്യം കേവലം യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വലുപ്പത്തിലും ശക്തിയിലും ഒതുങ്ങുന്നതല്ല, മറിച്ച് മറ്റു രാജ്യങ്ങളുടെമേൽ സ്വാധീനം ചെലുത്താനും രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാനുമുള്ള വലിയൊരു ആയുധം കൂടിയാണ്. ഒരു രാജ്യത്തെ ശിക്ഷിക്കാനും രക്ഷിക്കാനും യുഎസ് ഡോളറിന് സാധിക്കും. രാജ്യാന്തര തലത്തിൽ കറൻസി ഒരു ആയുധമായി പ്രയോഗിച്ച നിരവധി കഥകളാണ് യുഎസിനും ഇരകൾക്കും പറയാനുള്ളത്.