വലതിന്റെ സ്വപ്ന വിജയം തട്ടിയെടുത്ത് ഇടതു സഖ്യം; മക്രോയ്ക്ക് ആശ്വാസം; വരുമോ ഇടത് പ്രധാനമന്ത്രിയും?
Mail This Article
ഫ്രാൻസിലെ പാർലമെന്റ് തിരഞ്ഞെടുപ്പു ഫലത്തിൽ ശരിക്കുമൊരു ഫ്രഞ്ച് സ്വഭാവം കാണാം. ആദ്യഘട്ട തിരഞ്ഞെടുപ്പിലും യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിലും കൂടുതൽ വോട്ടുനേടിയ മരീൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ നാഷനൽ റാലി സഖ്യം ഇപ്പോൾ മൂന്നാം സ്ഥാനത്തായി. അവർ 142 സീറ്റിൽ ഒതുങ്ങിയേക്കും. 577 സീറ്റുള്ള നാഷനൽ അസംബ്ലിയിൽ ഇടതുസഖ്യത്തിന് (ന്യൂ പോപ്പുലർ ഫ്രണ്ട്–എൻഎഫ്പി) 188 സീറ്റ് കിട്ടുമെന്നാണു സൂചന. പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മധ്യപക്ഷ സഖ്യത്തിനു 161 സീറ്റ് കിട്ടിയേക്കാം. ഫ്രാൻസിൽ തീവ്രവലതുപക്ഷ (ആർഎൻ) സഖ്യം അധികാരത്തിലേറാനുള്ള സാധ്യതകളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമാണ് ഒട്ടുമിക്ക രാഷ്ട്രീയ നിരീക്ഷകരും ഇതുവരെ ചർച്ച ചെയ്തിരുന്നത്. അതിനിടയിലാണ്, സോഷ്യലിസ്റ്റുകളും ഹരിതവാദികളും തീവ്ര ഇടതുപക്ഷക്കാരും ചേർന്നു തിരക്കിട്ടു രൂപീകരിച്ച എൻഎഫ്പി ഭരണത്തിലേറാനുള്ള സാധ്യത തെളിഞ്ഞത്. ആർഎൻ സഖ്യം ഭരണം പിടിക്കുന്നതു തടയാൻ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ മധ്യപക്ഷ കക്ഷികളുമായി ഇടതുസഖ്യം തന്ത്രപരമായ നീക്കുപോക്കുകൾ നടത്തിയിരുന്നു. തീവ്ര വലത് ആശയങ്ങൾ രാജ്യത്തു ശക്തിപ്പെടുന്നതിൽ ആശങ്കയുള്ള വലിയൊരു വിഭാഗം ആളുകൾ ബുദ്ധിപൂർവം വോട്ടു ചെയ്തതും ഇടതു നീക്കങ്ങൾക്കു സഹായകരമായി.