പൊതുമേഖലാ ഓഹരി വിറ്റ് കീശ നിറയ്ക്കുമോ കേന്ദ്രം? കേരളത്തിലെയും 2 വമ്പൻ കമ്പനികൾ: നിക്ഷേപകർ എന്തു ചെയ്യണം?
Mail This Article
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ കുതിച്ചുകയറുന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഓഹരി വിപണിയിലെ കാഴ്ച. ഉദാഹരണത്തിന് കേന്ദ്രത്തിന്‍റെ 'വിൽപന' ലിസ്റ്റിൽ ഇടംപിടിച്ച കപ്പൽ നിർമാണക്കമ്പനിയായ മാസഗോൺ ഡോക്ക് ഷിപ്പ്‌ബിൽഡേഴ്സിന്‍റെ ഓഹരിവില ഒരുവർഷം മുൻപ് 1280 രൂപയായിരുന്നത് ഇപ്പോഴുള്ളത് 5685 രൂപയിൽ (ജൂലൈ 5ലെ കണക്കുപ്രകാരം). ഒരുവർഷത്തിനിടെ ഓഹരിക്കുതിപ്പ് 330%. മറ്റൊരു പൊതുമേഖലാ കമ്പനിയായ റെയിൽ വികാസ് നിഗത്തിന്‍റെ (RVNL) ഓഹരിവില ഒരുവർഷത്തിനിടെ കുതിച്ചത് 300 ശതമാനത്തോളം. മേൽപ്പറഞ്ഞ രണ്ട് കമ്പനികളുടെയും വിപണിമൂല്യം നിലവിൽ ഒരുലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ഒരു വർഷം മുൻപ് മാസഗോണിന്‍റെ വിപണിമൂല്യം 24,000 കോടി രൂപ മാത്രമായിരുന്നു എന്ന് ഓർക്കണം. ഇത്തരത്തിൽ, ഒട്ടുമിക്ക കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരിവിലയും വിപണിമൂല്യവും ആശ്ചര്യപ്പെടുത്തുംവിധമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി വർധിച്ചത്. മാസഗോൺ ഡോക്ക്, ആർവിഎൻഎൽ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ (IRFC), ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ്, ഷിപ്പിങ് കോർപറേഷൻ, കണ്ടെയ്‌നർ കോർപറേഷൻ, എൻഎംഡിസി, കോൾ ഇന്ത്യ, ഒഎൻജിസി, നാഷനൽ ഫെർട്ടിലൈസേഴ്സ് (NFL), രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (RCF) എന്നിങ്ങനെ നിരവധി പൊതുമേഖലാ കമ്പനികൾ കേന്ദ്രത്തിന്‍റെ ഓഹരി വിൽപന വലയത്തിലുണ്ട്.