‘ഒഴിവാക്കേണ്ടവരെ തിരഞ്ഞെടുക്കാനൊരു’ നീറ്റ്; കുട്ടികളെ കെണിയിൽ വീഴ്ത്തുന്ന തട്ടിപ്പുകാർ; ഭീഷണിയായി രാഷ്ട്രീയ ഇടപെടൽ
Mail This Article
എല്ലാ മൺസൂണിലും മഴപെയ്യുകയും മേൽക്കൂരകൾ ചോർന്നൊലിക്കുകയും ചെയ്യുക പതിവ്. ഈ മൺസൂണിൽ മറ്റൊരു ‘ചോർച്ച’യുടെ വാർത്തയാണ് രാജ്യമെങ്ങും പടർന്നത്. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിത്തറതന്നെ ഇളക്കുംവിധമുള്ള ചോദ്യക്കടലാസ് ചോർച്ച!. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ)യുടെ മേൽനോട്ടത്തിൽ മെഡിക്കൽ പ്രവേശനത്തിനു നടത്തുന്ന നീറ്റ്, കോളജ് അധ്യാപക നിയമനത്തിനു നടത്തുന്ന നെറ്റ് പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ചോർന്ന സംഭവം ഇന്ത്യയിലെ പൊതുപരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കുമേൽ വലിയ ചോദ്യമുയർത്തുന്നു. നമ്മുടെ പരീക്ഷകളെ വ്യവസ്ഥാപിതമായി തകർത്തുകൊണ്ടിരിക്കുന്ന നീണ്ടചങ്ങലയിലെ ഒടുവിലത്തെ കണ്ണിയാണ് ഈ ചോദ്യച്ചോർച്ചകൾ. ഏഴു വർഷത്തിനിടെ ഇത്തരത്തിലുള്ള എഴുപതോളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നു മാത്രമല്ല നമ്മുടെ സംവിധാനത്തിലെ പുഴുക്കുത്ത് കൂടിയാണ്. എൻടിഎയുടെ പ്രവർത്തനത്തിൽ നിഴലിക്കുന്നത് വലിയൊരു അസ്വസ്ഥതയുടെ ലക്ഷണവുമാണ്.