വിഴിഞ്ഞം വഴിതുറന്നു; നോക്കുകൂലി വേണ്ട, ഉൽപാദനം കൂട്ടണം..; ഇനി എന്നാണ് കേരളം സിംഗപ്പൂരാവുന്നത്?
Mail This Article
പ്രകൃതിദത്തമായ തുറമുഖം നൽകിയ സൗഭാഗ്യം! സിംഗപ്പൂരിന്റെ സമ്പന്നതയെ കുറിച്ച് ഇങ്ങനെ പറയുന്നവർ ധാരാളമുണ്ട്. ‘‘കേരളത്തിനും സിംഗപ്പൂരാവണ്ടേ?’’ വിഴിഞ്ഞം തുറമുഖ നിർമാണം അനന്തമായി നീണ്ടപ്പോൾ കേട്ട വാക്കുകളാണ്. ഈ ചോദ്യം ഉയർത്തിയാണ് പദ്ധതിയെ അനുകൂലിച്ചവർ നിരന്തരം വാദിച്ചത്. ഒടുവില്‍ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായി; ആദ്യ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോ വാട്ടർ സല്യൂട്ടും ഏറ്റുവാങ്ങി തീരമടുത്തു. കണ്ടെയ്നറുകളും ഇറക്കി. രാഷ്ട്രീയവൃന്ദമാകെ ആഘോഷത്തോടെ സ്വീകരിച്ചാനയിച്ചു. ഇനി അറിയേണ്ടത് എന്നാണ് കേരളം സിംഗപ്പൂരാകുന്നത് എന്ന പഴയ ചോദ്യത്തിന്റെ ഉത്തരമാണ്. വിഴിഞ്ഞത്തുനിന്ന് സമുദ്രപാതയിൽ 3100 കിലോമീറ്റർ സഞ്ചരിച്ച് സിംഗപ്പൂരിലെ തുറമുഖത്തിലെത്തിയാലും ഈ ചോദ്യത്തിന് പൂർണമായ ഉത്തരം ലഭിക്കില്ല. പകരം ആ തുറമുഖത്തിൽ നിന്നുകൊണ്ട് തിരികെ സിംഗപ്പൂരിനെ നോക്കണം. കുറച്ചു വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കണം. അവിടെ ചേരികൾ നിറഞ്ഞ, പട്ടിണിയും ദുരിതങ്ങളും മാത്രമുണ്ടായിരുന്ന സിംഗപ്പൂരിനെ കാണാം. അയൽരാജ്യം ആട്ടിയകറ്റി പുറത്താക്കിയ കുഞ്ഞൻ ദ്വീപുരാഷ്ട്രം ഇന്നത്തെ നിലയിൽ ലോകരാജ്യങ്ങളെ കൊതിപ്പിക്കുന്ന തലത്തിലേക്ക് വളർന്നത് എങ്ങനെയാണ്? ആ കഥയാണിത്. എങ്ങനെ സിംഗപ്പൂർ യഥാർഥ ‘സിംഹ’മായെന്ന കഥ. ഒപ്പം, വിഴിഞ്ഞത്തിലൂടെ കേരളം സിംഗപ്പൂരിന് സമാനമായ വളർച്ച നേടുമോ എന്ന ചോദ്യത്തിന്റെ ഉത്തരവും തേടുകയാണിവിടെ.