‘കേരളത്തിൽ ഗുണ്ടായിസം വിജയിക്കില്ല; എസ്എഫ്ഐ ആധിപത്യം തകരുന്നു; ഇതാ പിന്തള്ളപ്പെടുന്ന ലക്ഷണങ്ങൾ’
Mail This Article
കേരളത്തിലെ പ്രമുഖ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ പിന്തുടരുന്നത് പ്രാകൃത രീതിയാണെന്നും തിരുത്തിയില്ലെങ്കിൽ ബാധ്യതയാവുമെന്നും അടുത്തിടെ പരസ്യ വിമർശനം നടത്തിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരുന്നു. എസ്എഫ്ഐക്ക് ക്ലാസ് എടുക്കാൻ വരേണ്ട എന്ന ഭീഷണി പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വിമർശനത്തിന് എതിരെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തി. കഴിഞ്ഞ കുറേക്കാലമായി എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനവും പ്രതിരോധവും കേരളത്തിന് പുതുമയല്ലാതായി കഴിഞ്ഞു. വിദ്യാർഥികളുടെ ന്യായമായ പല ആവശ്യങ്ങൾക്ക് വേണ്ടിയും സമരം ചെയ്യുകയും ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്ത സംഘടനയാണ് എസ്‌എഫ്‌ഐ. പക്ഷേ, ക്യാംപസുകളിൽ നടക്കുന്ന അക്രമങ്ങൾക്ക് നീതീകരണമുണ്ടോ? പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായി മരിച്ച സംഭവമടക്കം എസ്എഫ്ഐ പ്രതിക്കൂട്ടിൽ വന്നത് ഒട്ടേറെ തവണയാണ്.