ഒരു മതനിരപേക്ഷ സർക്കാർ ആ ഉത്തരവ് പുറപ്പെടുവിക്കാൻ പാടില്ലായിരുന്നു– സുധാമേനോൻ എഴുതുന്നു
Mail This Article
കലാപബാധിത പ്രദേശങ്ങളിൽനിന്ന് ഒറ്റരാത്രിയിൽ പലായനം ചെയ്ത മനുഷ്യർ താമസിക്കുന്ന അഹമ്മദാബാദിലെ ഇടുങ്ങിയ തെരുവുകളും കുഞ്ഞുവീടുകളും പലതവണ സന്ദർശിച്ചിട്ടുണ്ട്. കാലമേറെക്കഴിഞ്ഞിട്ടും ആ അഭിശപ്തദിവസങ്ങളുടെ നടുക്കത്തിൽനിന്ന് അവർ മുക്തരായിരുന്നില്ല. പലരും വെറും 20,000 രൂപയ്ക്കു സ്വന്തം വീട് വിറ്റിട്ടാണ് ദൂരെ സ്വസമുദായക്കാർക്കു ഭൂരിപക്ഷമുള്ള സ്ഥലത്തെ ഒറ്റമുറി വീട്ടിലേക്കു താമസം മാറ്റിയത്. മറ്റു പലർക്കും കത്തിയെരിഞ്ഞുപോയ വീടുകൾക്കു പകരം വേറൊരു വീട് ഉണ്ടാക്കാൻ പറ്റിയില്ല. നഷ്ടപരിഹാരമായി കിട്ടിയ ചെറിയ തുകകൾ പരുക്കു പറ്റിയ ഭർത്താവിന്റെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും നീണ്ടകാലത്തെ ചികിത്സയ്ക്കായി അവർക്ക് ഉപയോഗിക്കേണ്ടി വന്നു. ഇരകളിൽ മുസ്‌ലിംകളും ഹിന്ദുക്കളും ഉണ്ടായിരുന്നു. സാമ്പത്തികമായും സാമൂഹികമായും ഏറ്റവും അടിത്തട്ടിൽ നിൽക്കുന്ന മനുഷ്യർ! നഗരം കത്തിയെരിഞ്ഞ നാളുകളിൽ സഹായം തേടി പരക്കം പാഞ്ഞപ്പോഴും അതിനുശേഷവും എല്ലാ സാമ്പത്തിക-സാമൂഹിക-വൈകാരിക അരക്ഷിതത്വവും അവർക്ക് സ്വയം അനുഭവിക്കേണ്ടിവന്നു. രാത്രികളിൽ പേടിസ്വപ്നം കണ്ടു ഞെട്ടിയുണർന്ന കുട്ടികൾ സാധാരണ നിലയിലേക്കു തിരിച്ചെത്താൻ വർഷങ്ങളെടുത്തു. അപ്പോഴേക്കും അവർക്കു ബാല്യം നഷ്ടമായിരുന്നു. പലർക്കും ആഗ്രഹിച്ച വിദ്യാഭ്യാസമോ കുടുംബജീവിതമോ കിട്ടിയില്ല. രാഷ്ട്രീയപാർട്ടികൾ ഗുജറാത്ത് കലാപവും വംശഹത്യയും അവരുടെ അധികാരത്തിനും സമുദായധ്രുവീകരണത്തിനും വേണ്ടി സമർഥമായി ഉപയോഗിച്ചപ്പോൾ, കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട ആ സാധുമനുഷ്യർ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടി. പലരും ഭയം മൂലം പെൺകുഞ്ഞുങ്ങളെ സ്കൂളിൽ വിടാതായി. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് മുസ്‌ലിം പെൺകുട്ടികളെ ആയിരുന്നു. നഷ്ടപരിഹാരത്തുക കൈക്കലാക്കിയ ശേഷം പുത്രഭാര്യയെയും കുട്ടികളെയും ഇറക്കിവിട്ട കഥകൾ വേറെ. ആയിരം ബീഡി വെറും 50 രൂപയ്ക്കു തെറുക്കുന്ന സ്ത്രീകളെയും ഞാൻ ആ തെരുവിൽ കണ്ടുമുട്ടി. ലോൺ കിട്ടാതെ, പൈപ്പ് കണക്‌ഷൻ കിട്ടാതെ, വാടകവീട് കിട്ടാതെ ജീവിതം നരകതുല്യമാകുന്നവർ. ഘെട്ടോകളിലെ മേൽവിലാസം കാണുമ്പോൾത്തന്നെ