‘ഷെയ്ഖ് ഹസീനയുടേത് ധിക്കാരം; സമരം നേരിടുന്ന രീതി മണ്ടത്തരം’; എന്തുകൊണ്ട് ഇന്ത്യ ആശങ്കപ്പെടണം?
Mail This Article
ഏതൊരു രാജ്യത്തിന്റെയും സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ആവശ്യമായ ഘടകങ്ങളില്‍ ഏറ്റവും പ്രധാനം അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധമാണ്. ഇന്ത്യയുടെ ദൗർഭാഗ്യം എന്നുതന്നെ പറയാം, 1947ല്‍ നമ്മുടെ ജന്മം മുതല്‍ തന്നെ അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷം തുടങ്ങി. ആദ്യം പാക്കിസ്ഥാനും പിന്നെ ചൈനയും നമ്മുടെ ശത്രുപക്ഷത്തായി. ഭൂട്ടാന്‍ ഒഴിച്ചുള്ള ബാക്കി അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ പലപ്പോഴും സംഘര്‍ഷത്തിന്റെ കരിനിഴല്‍ വീഴാറുണ്ട്. എന്നാല്‍ ഇതിനൊരു അപവാദമാണ് കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നല്ല ബന്ധം. ഡല്‍ഹിയും ധാക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വലിയ രീതിയിലുള്ള വഴക്കുകളും അഭിപ്രായ വ്യത്യാസങ്ങളും ഇല്ലാതെ നല്ല രീതിയില്‍ മുന്‍പോട്ട് നീങ്ങുന്നതിന് പ്രധാന കാരണം 2009 മുതല്‍ ബംഗ്ലദേശില്‍ അധികാരത്തിലിരിക്കുന്ന ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയങ്ങളും നടപടികളും തന്നെയാണെന്ന് നിസ്സംശയം പറയുവാന്‍ സാധിക്കും. അതുകൊണ്ടുതന്നെ അവാമി ലീഗ് എന്ന പാര്‍ട്ടി നയിക്കുന്ന ഈ സര്‍ക്കാരിനെതിരെ വമ്പിച്ച ജനരോഷം ധാക്കയില്‍ ഉയരുമ്പോള്‍ ഇതിനെക്കുറിച്ച് ആലോചിച്ചു ഡല്‍ഹിയിലും കുറച്ചു തലവേദനകള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം.