കത്തി മാത്രം വരയ്ക്കുന്ന ആറു വയസ്സുകാരൻ; അറപ്പു മാറ്റാൻ ഗെയിമുകൾ; ആ സിനിമയ്ക്കു ശേഷം ചുവപ്പുനിറം പോലും അവരെ പേടിപ്പിക്കും!
Mail This Article
പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ കൂട്ട കുറ്റവിചാരണയ്ക്കും ദിവസങ്ങൾ നീണ്ട മർദനത്തിനും ഇരയാകുമ്പോൾ ‘അരുത്’ എന്നുപറയാൻ ഒരു നാവും പൊന്തിയില്ല. മരവിച്ച മനസ്സോടെ വിദ്യാർഥികൾ ആ വേട്ടയാടൽ നോക്കിനിന്നു. രോഗാതുരമായ ആ നിസ്സംഗതയ്ക്ക് അവനു കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവനായിരുന്നു. വീട്ടുകാർപോലും അറിയാതെ പ്രസവിച്ച കുഞ്ഞിനെ എറിഞ്ഞുകൊന്ന അവിവാഹിതയായ പെൺകുട്ടിയുടെ അടുത്തു പൊലീസെത്തിയപ്പോൾ അവൾ ചോദിച്ചത് ‘എന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?’ എന്നായിരുന്നു. ചെയ്തതു കുറ്റകൃത്യമാണെന്ന തോന്നൽപോലും അവൾക്കില്ലായിരുന്നു. വേണ്ടെന്നു തോന്നിയ ഒരു വസ്തു ഉപേക്ഷിച്ചു എന്നൊരു ഭാവം. കുറ്റബോധം ഇല്ലാത്തതുകൊണ്ടു പശ്ചാത്താപവും ഇല്ല. പ്രണയം വേണ്ടെന്നുവച്ചതിനു പെൺകുട്ടിയെ കുത്തിക്കൊന്ന കേസിലെ പ്രതി പറഞ്ഞു: ‘പതിനാലു വർഷം കഴിഞ്ഞാൽ ഞാൻ പുല്ലുപോലെ പുറത്തിറങ്ങും’. അവളുടെ ശരീരത്തിൽ ഒന്നും രണ്ടുമല്ല, പതിനെട്ടു കുത്തുകളേറ്റിരുന്നു. മനഃശാസ്ത്രജ്ഞർക്ക് ഇഴകീറി പരിശോധിക്കാനും പഠിക്കാനും വേണ്ടതിലേറെ ഹിംസ കേരളീയ സമൂഹത്തിൽ എത്തുന്നുണ്ട്. വീട്ടിൽ, തൊഴിലിടത്തിൽ, പൊതുഇടങ്ങളിൽ, സമൂഹമാധ്യമങ്ങളിൽ, സിനിമകളിൽ... എല്ലായിടത്തും അക്രമോത്സുകത നിറയുന്നു.