‘വയോജനങ്ങളുടെ പരിചയസമ്പത്ത് നാം പ്രയോജനപ്പെടുത്തേണ്ടേ? അരുത് നിർബന്ധിത വാനപ്രസ്ഥം’
Mail This Article
ആളുകൾ വൃദ്ധരാകുകയും മരിക്കുകയും ചെയ്യുന്നത് മറ്റുള്ളവർ വൃദ്ധരാകുകയും മരിക്കുകയും ചെയ്യുന്നതു കാണുന്നതുകൊണ്ടാണ്.’’ പ്രാചീന ഭാരതീയ സംഹിതകളിലുള്ള ഈ പ്രസ്താവന പ്രശസ്ത ജീവിതശാസ്ത്ര വിദഗ്ധൻ ദീപക് ചോപ്ര അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ Ageless Body, Timeless Mind എന്ന പുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്. വാർധക്യത്തോടുള്ള വിവിധ സമീപനങ്ങളാണ് അദ്ദേഹം ചർച്ച ചെയ്യുന്നത്. മറ്റുള്ളവർക്കു വാർധക്യമുണ്ടാകുന്നതു കണ്ട് നാം വൃദ്ധരാകാൻ പഠിക്കുന്നു എന്നതു വെറും അതിശയോക്തിയല്ല എന്ന് അദ്ദേഹം പറയുന്നു. പുറമേനിന്നുള്ള ആസൂത്രിതവും അല്ലാത്തതുമായ സ്വാധീനങ്ങൾ മനുഷ്യമനസ്സിനെ അബോധമായി രൂപപ്പെടുത്തുന്നതിനെ ആധുനിക മാനസികപഠനങ്ങൾ വിളിക്കുന്നത് ‘കണ്ടീഷനിങ്’ എന്നാണ്. നാമെല്ലാം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ‘കണ്ടീഷൻ’ ചെയ്യപ്പെട്ടവരാണ്. വാർധക്യം നമ്മുടെ അത്തരമൊരു ശീലം അഥവാ ‘കണ്ടീഷനിങ്’ ആണോ? മറ്റുള്ളവരുടെ വാർധക്യം നമ്മെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്? ജീർണിക്കാൻ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്ന നമ്മുടെ ശരീരകോശങ്ങളെ ജീർണിക്കാതിരിക്കുക എന്ന ശീലം പഠിപ്പിക്കുക സാധ്യമാണോ? മനുഷ്യരെ വൃദ്ധരാക്കുന്നതിൽ മനസ്സിനുള്ള പങ്കെന്താണ്? ശരീരമാണോ മനസ്സാണോ ആദ്യം വാർധക്യത്തിനു കീഴടങ്ങുന്നത്? മനുഷ്യജീവിതങ്ങളിൽ ശാസ്ത്രചിന്തയുടെയും വൈദ്യശാസ്ത്രത്തിന്റെയും വെളിച്ചം വീഴുന്നതിനു മുൻപുള്ള കാലങ്ങളിൽ രൂപീകരിക്കപ്പെട്ട, ഇന്നും നിലനിൽക്കുന്ന, വാർധക്യത്തോടുള്ള സമീപനങ്ങൾ കുടുംബത്തിലും സമൂഹത്തിലും വൃദ്ധർക്കുള്ള സ്ഥാനത്തെ എത്രമാത്രം ബാധിക്കുന്നു?