സംവരണം, ഉപസംവരണം; ജാതിരാഷ്ട്രീയം വീണ്ടും ചർച്ചകളിൽ! ബിജെപി തയാറാകുമോ ജാതി സെൻസസിന്?
Mail This Article
ഇന്ത്യൻ രാഷ്ട്രീയത്തിലെ വജ്രായുധമാണ് ജാതി സംവരണം. തിരഞ്ഞെടുപ്പുകാലമാകുമ്പോൾ മിക്ക രാഷ്ട്രീയപാർട്ടികളും തരംപോലെ വിഷയം കുത്തിപ്പൊക്കും. നിയമാനുസൃതം സാധ്യമല്ലെന്ന് ഉറപ്പുള്ള ചില നടപടികൾ ഭരണത്തിലുള്ളവർ പ്രഖ്യാപിക്കും. പ്രതിപക്ഷം അതിലേറെ വാഗ്ദാനം ചെയ്തു പ്രലോഭിപ്പിക്കും. ഇതിനിടയിൽ അംപയറുടെ എല്ലായ്പ്പോഴും സ്ഥാനത്തുണ്ടാവാറുള്ളത് കോടതികളാണ്. സാമൂഹിക നീതിയെന്ന ലക്ഷ്യം മുന്നിൽക്കണ്ട് രാജ്യത്തെ സുപ്രീം കോടതി സ്വീകരിച്ചിട്ടുള്ള നീതിപൂർവവും യുക്തിസഹവുമായ തീരുമാനങ്ങളാണ് പലപ്പോഴും രക്തച്ചൊരിച്ചിൽ ഒഴിവാക്കിയിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാവും. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുറപ്പെടുവിച്ച ചരിത്രപരമായ മറ്റൊരു വിധിയിലൂടെ സുപ്രീം കോടതിയുടെ 7 അംഗ ഭരണഘടനാ ബെഞ്ച് അവരുടെ ദൗത്യം ഒരിക്കൽക്കൂടി നിറവേറ്റിയിരിക്കുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ ഉപവിഭാഗങ്ങളായി തിരിക്കാനും അവയിൽ ഓരോന്നിലും വ്യത്യസ്ത അനുപാതത്തിൽ സംവരണം ഏർപ്പെടുത്താനും സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്