സ്വന്തം പ്രകാശത്തിൽ നടന്ന കമ്യൂണിസ്റ്റ്; കേന്ദ്രമന്ത്രിയെ വരെ വിറപ്പിച്ച അച്യുതമേനോൻ
Mail This Article
വർഷങ്ങൾക്കു മുൻപ്, ഒരു ഞായറാഴ്ച വൈകുന്നേരം കൊല്ലം സ്റ്റാൻഡിൽനിന്നു പുറപ്പെട്ട തിരുവനന്തപുരം ബസിൽ ഇരിക്കുകയായിരുന്നു പ്രശസ്തകവി തിരുനല്ലൂർ കരുണാകരൻ. ഇപ്പോഴും ആഴ്ചതോറും വീട്ടിൽപോയി വരാറാണോ പതിവ്? സൗമ്യമായ ആ ചോദ്യം കേട്ട കവി തിരിഞ്ഞുനോക്കിയപ്പോൾ ഞെട്ടിപ്പോയി. ശബ്ദത്തിന്റെ ഉടമ കേരളത്തിന്റെ മുൻമുഖ്യമന്ത്രി സി. അച്യുതമേനോനായിരുന്നു. ബസ് തിരുവനന്തപുരത്ത് എത്തിയപ്പോൾ പെരുമഴയും ഇരുട്ടും. പാളയത്തു ബസ് നിർത്തിയപ്പോൾ അച്യുതമേനോൻ എഴുന്നേറ്റു മുണ്ടു മടക്കിയുടുത്തു. തൂവാല തലയിൽ നിവർത്തിയിട്ടശേഷം പുസ്തകങ്ങൾ അടക്കിപ്പിടിച്ചുകൊണ്ട് മഴയിലേക്ക് ഇറങ്ങി. തിരുനല്ലൂർ പിന്നാലെയും. ടാക്സി വിളിക്കട്ടെ എന്ന ചോദ്യത്തിനു നിഷേധമായിരുന്നു മറുപടി. എന്നാൽ ഈ കുട എടുത്തോളൂ എന്ന തിരുനല്ലൂരിന്റെ അപേക്ഷയ്ക്കും വേണ്ട എന്നുതന്നെ ഉത്തരം. ഇടപഴഞ്ഞിയിലെ വാടകവീട്ടിലെത്താൻ മൂന്നു കിലോമീറ്ററിലധികം നടക്കണം. മുനിഞ്ഞു കത്തുന്ന തെരുവുവിളക്കുകളുടെ നേർത്ത വെട്ടത്തിൽ, മഴ നനഞ്ഞുകൊണ്ട് പുസ്തകങ്ങളും പിടിച്ച്, ഏകനായി പതിയെ നടന്നുനീങ്ങിയ ആ മനുഷ്യനെ തിരുനല്ലൂർ ഇമ ചിമ്മാതെ നോക്കിനിന്നു. അന്ന്, അച്യുതമേനോൻ