‘ചിലർ ഓവർഡോസ് മരുന്ന് കഴിക്കുന്നു, എന്തിന് ജീവൻ ബാക്കി തന്നുവെന്ന നിലവിളികൾ; വയനാട്ടിൽ വൊളന്റിയേഴ്സിനു പോലും മനോനില തെറ്റുന്നു’
Mail This Article
ഉരുളെടുത്ത മുണ്ടക്കൈയിലും ചൂരൽമലയിലും അവശേഷിക്കുന്ന ജീവന്റെ തുടിപ്പുകളിൽ നിന്നും ഉയർന്ന നിലവിളികൾ ഇനിയും അവസാനിച്ചിട്ടില്ല. ചിലർ കരഞ്ഞ് കണ്ണീർവറ്റി, വേറെ ചിലർ കരയുന്നില്ല, മിണ്ടുന്നില്ല, ഉറങ്ങുന്നുമില്ല. പ്രിയപ്പെട്ടവർക്കൊപ്പം അത്താഴം കഴിഞ്ഞ് കിടന്നവരിൽ പലരും പൊട്ടിയൊലിച്ചുവന്ന ഉരുളിൽ മണ്ണിൽ പുതഞ്ഞുപോയി. കാലവർഷം കലിതുള്ളിയപ്പോൾ പൊലിഞ്ഞുപോയത് ഇരുനൂറിലേറെ ജീവനുകളെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായവരുടെ എണ്ണം കൂടി ചേരുമ്പോൾ ആ കണക്ക് പിന്നെയും ഞെട്ടിക്കും. ഒരു നാടിനെയൊന്നാകെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിൽ തലനാരിഴയ്ക്കു രക്ഷപ്പെട്ടവർ നിലയ്ക്കാത്ത തേങ്ങലോടെ, ‘എന്തിന് ജീവൻ ബാക്കി തന്നുവെന്ന്’ ചോദിച്ച് സ്വയം ശപിച്ച് വിവിധങ്ങളായ ക്യാംപുകളില്‍ കഴിയുന്നു. പോകാൻ ഇടമില്ലാതെ, ഉറ്റവരില്ലാതെ അനാഥത്വത്തിന്റെ കയ്പുനീർ കുടിച്ച് ഒറ്റയ്ക്ക്! കരളുറപ്പോടെ ദുരന്തങ്ങളെ നേരിട്ടു ശീലിച്ച മലയാളികൾ രക്ഷപ്പെട്ടവരുടെ മാനസികാവസ്ഥയ്ക്കും കരുത്ത് പകരേണ്ടതുണ്ട്. പുനരധിവാസത്തിനൊപ്പം മാനസികമായ വീണ്ടെടുക്കലും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ദുരന്തഭൂമിയിൽ സേവനത്തിനായി ഇറങ്ങിയ വൊളന്റിയർമാർക്കു പോലും മനോനില തെറ്റുന്ന സാഹചര്യമുണ്ടായെങ്കിൽ അത് നേരിൽ അനുഭവിച്ചവരുടെ അവസ്ഥ നമുക്ക് ഊഹിക്കാൻ പോലും പറ്റാത്ത വിധം ഭീകരവും ദയനീയവും ആയിരിക്കില്ലേ! ഉരുൾപൊട്ടലിൽ ഉള്ളു പൊട്ടിപ്പോയ മനുഷ്യരുടെ മനസ്സിനെ തിരിച്ചു പിടിക്കാൻ ശ്രമം നടത്തിയ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളിൽ ഒരാളായ അലി.പി.കെ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് ഡോക്ടറൽ ഫെല്ലോ, ഇംഹാൻസ് കോഴിക്കോട്. ഡയറക്ടർ ഓഫ് മൈൻഡ് വീവേഴ്സ്) ദുരന്തഭൂമിയിലെ അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ്.