ചേലക്കരയിൽ അത്തരം ആളുകളില്ല, വിവാദവുമില്ല; ആലത്തൂരിൽ തോറ്റത് അന്വേഷിച്ചു, കണ്ടെത്തിയ കാരണം പാർട്ടിയെ അറിയിച്ചെന്നും രമ്യ
Mail This Article
പാലക്കാടും ചേലക്കരയും. ഉപതിരഞ്ഞെടുപ്പുകളുടെ അങ്കം മുറുകാൻ പോകുന്ന കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ യുഡിഎഫിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന നിലയിൽ നിർണായകമാണ് ഈ മണ്ഡലങ്ങളിലെ വിജയം. ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ അല്ലെന്ന് പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമുണ്ടെന്ന് പാർട്ടി പഠിച്ച സാഹചര്യത്തിൽ എൽഡിഎഫിനും നില മെച്ചപ്പെടുത്താൻ വിജയിച്ചേ തീരൂ. പാലക്കാടും ചേലക്കരയിലും ആരാണ് പകരക്കാരാവുക എന്ന ചർച്ച ഇരു പാർട്ടികളിലും സജീവം. രണ്ടിടത്തേക്കുമുള്ള അനൗദ്യോഗിക സ്ഥാനാർഥി ചർച്ചകൾ നാളുകൾക്കു മുൻപേതന്നെ ആരംഭിച്ചതുമാണ്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ ജയിച്ചതോടെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഒഴിവു വന്നത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ ചേലക്കര തിരികെ പിടിക്കാൻ യുഡിഎഫിൽനിന്ന് ആരായിരിക്കും എത്തുക? മണ്ഡലത്തിൽ ഇപ്പോൾത്തന്നെ സജീവമായി കേൾക്കുന്ന പേരുകളിലൊന്ന് ആലത്തൂരിൽ രാധാകൃഷ്ണനോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റേതാണ്. ആലത്തൂരിലെ സിറ്റിങ് എംപിയായിരുന്ന രമ്യ 20,111 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേലക്കരയിൽ ഇക്കുറി രമ്യ ആവുമോ സ്ഥാനാർഥി? എൽഡിഎഫ് മണ്ഡലമായിരുന്ന ആലത്തൂരിൽ 2019ൽ രമ്യ അട്ടിമറി വിജയം നേടിയതുപോലെ ചേലക്കരയും പിടിച്ചെടുക്കുമോ? അഭ്യൂഹങ്ങളേറെയാണ്. എന്താണ് സത്യം? മനോരമ ഓൺലൈൻ പ്രീമിയം അഭിമുഖ പരമ്പരയായ ‘ചാറ്റ് സീറ്റിൽ’ മനസ്സു തുറക്കുകയാണ് രമ്യ ഹരിദാസ്.