വികസനമല്ല, കസേര മുഖ്യം! ‘പേടിച്ച’ കേന്ദ്രം കോടികൾ കൊടുത്തിട്ടും എല്ലാം ‘മുക്കി’ ബിഹാർ: കേരളത്തിന്റെ ഗതിയെന്താകും?
Mail This Article
വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട് വീടുകളിലേക്ക് ഭിക്ഷയാചിക്കാൻ വന്നിരുന്ന ‘ബിഹാർ സ്വദേശി’കളെ ഓർമയില്ലേ? ഹിന്ദി മാത്രം അറിയുന്ന അവർ ആംഗ്യഭാഷയിൽ പണവും ഭക്ഷണവും വസ്ത്രവും യാചിക്കാനായി എത്ര ദൂരം സഞ്ചരിച്ചാണ് നമുക്കരികിൽ എത്തിയത്! കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ബിഹാറിന് നൽകിയ ‘അമിത പ്രാധാന്യത്തിന്റെ’ പേരിൽ ഉയരുന്ന പുകിലുകളാണ് ഇപ്പോൾ ഈ സംഭവം ഓർമിക്കാൻ ഇടയാക്കിയത്. ബജറ്റിലെ പണം മുഴുവൻ ബിഹാറും ആന്ധ്ര പ്രദേശും പങ്കിട്ടെടുത്തെന്ന ആക്ഷേപം ഉയർത്തിയവരിൽ മുൻനിരയിൽത്തന്നെ മലയാളികളും ഉണ്ടായിരുന്നു. ബജറ്റിൽ മാത്രമല്ല, വിവിധ നികുതിയായി കേന്ദ്രം പിരിച്ചെടുക്കുന്ന ശതകോടികൾ സംസ്ഥാനങ്ങൾക്കായി വീതം വയ്ക്കുമ്പോഴും കാലാകാലങ്ങളായി ബിഹാറിന് ലഭിക്കുന്നത് വലിയ വിഹിതമാണ്. എന്നിരുന്നാലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിച്ചാൽ ദശാബ്ദങ്ങളായി ബിഹാറിന്റെ സ്ഥാനം ഏറ്റവും ഒടുവിലാണ്. എത്ര പിന്തുണ ലഭിച്ചിട്ടും ബിഹാർ എന്തേ ഗംഭീരമായില്ലേ! മൂന്നാം മോദി സർക്കാരിന് കേവല ഭൂരിപക്ഷത്തിനായി 12 എംപിമാരുടെ കൈത്താങ്ങ് നൽകിയ ജെഡിയുവിനുള്ള പ്രത്യുപകാരമാണ് വമ്പൻ തുക എണ്ണിയെണ്ണി ബിഹാറിന് നൽകാൻ നിർമലയെ പ്രേരിപ്പിച്ചതെന്നാണ് പ്രധാന ആരോപണം. അതിനാലാണ് പ്രതിപക്ഷം ‘കുർസി ബച്ചാവോ ബജറ്റ്’ എന്ന പേരിട്ട് കേന്ദ്ര ബജറ്റിനെ പരിഹസിക്കുന്നത്. ആന്ധ്രയ്ക്ക് നൽകിയ തുക, തെലങ്കാന രൂപീകരണ സമയത്ത് പുതിയ തലസ്ഥാനം നിർമിക്കാനുള്ള സഹായ വാഗ്ദാനത്തിൽ ഉൾപെടുത്താമെങ്കിൽ ബിഹാറിന് നൽകിയ ഭാരിച്ച തുകയെ എങ്ങനെ ന്യായികരിക്കാനാവും എന്ന ചോദ്യം വിമർശകർ ഉയർത്തുന്നു. ചരിത്രം പഠിച്ചാൽ ബിഹാറിലെ മണ്ണിൽ സിംഹാസനമിട്ട് ഇന്നത്തെ ഇന്ത്യയേക്കാളും വലുപ്പമേറിയ രാജ്യം ഭരിച്ച ഒന്നിലധികം രാജവംശങ്ങളെ കാണാനാവും. എന്നാൽ ആ സമ്പന്നതയുടെ ഭൂതകാലത്തിന് തെളിവായി സമ്പന്നമായ ഒരു നഗരം പോലും ഇന്ന് ഈ സംസ്ഥാനത്തില്ല. ബിഹാർ എന്തുകൊണ്ടാണ് ഇന്ത്യയിലെ പാവപ്പെട്ടവരുടെ സംസ്ഥാനമായത്? പരാജയ കാരണങ്ങൾക്കൊപ്പം കഴിഞ്ഞ വർഷങ്ങളിൽ ബിഹാറിനുണ്ടായ മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണോ? പരിശോധിക്കാം, വിശദമായി.