‘പുറത്തുവന്നത് മഞ്ഞുമലയുടെ തുമ്പ് മാത്രം; ആ ചോദ്യം രാഷ്ട്രീയത്തിലെ സ്ത്രീകളോടും ചോദിക്കേണ്ടേ?’
Mail This Article
ജസ്റ്റിസ് േഹമ കമ്മിറ്റി മലയാള സിനിമാ വ്യവസായത്തിൽ കണ്ടെത്തിയ സ്ത്രീവിരുദ്ധ നിലപാടുകളും നടപടികളും സിനിമയുടെ മാത്രം പ്രത്യേകതയാണെന്നും അവിടെ മാത്രം നടക്കുന്ന അപഭ്രംശങ്ങളാണെന്നുമുള്ള നിലയിൽ നോക്കിക്കാണപ്പെടുന്നുണ്ട് എന്നു തോന്നുന്നു. മലയാളിസമൂഹത്തിന്റെ ഒരു മൂലയിൽ നടന്ന അപൂർവമായ അനീതിയെന്നപോലെയാണ് അതു ചർച്ച ചെയ്യപ്പെടുന്നത്. ആ നിലപാട് ആത്മവഞ്ചനയാണ്. ഉറച്ച മനുഷ്യാവകാശ ബോധത്തോടെയും കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ടും ഹേമ കമ്മിറ്റി തയാറാക്കിയ പഠനം കേരളത്തിലെ പുരുഷ മാടമ്പിത്ത മുഖ്യധാരയുടെ എല്ലാ രംഗങ്ങളിലും സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങളുടെ പരിഛേദമാണ്. കേരളത്തിലെ പുരുഷ സർവാധിപത്യം എന്ന മഞ്ഞുമലയുടെ ഒരു തുമ്പു മാത്രമാണ് സിനിമാരംഗത്തു സ്ത്രീകൾക്കു സംഭവിച്ചവ. മറ്റു മേഖലകളെപ്പറ്റിയുള്ള അന്വേഷണം നടന്നിട്ടില്ല. സ്ത്രീ അന്തസ്സിന്റെ പേരിൽ സിനിമയിലെ ഒരുപിടി കലാകാരികൾ സംഘടിച്ചതുപോലെ മറ്റു രംഗങ്ങളിൽ സംഘടിച്ചിട്ടില്ല. എണ്ണമില്ലാത്ത സംഘടനകളുള്ള ഒരു സമൂഹത്തിൽ സ്ത്രീകൾക്കായി രാഷ്ട്രീയപ്പാർട്ടികളുടെ അലങ്കാരങ്ങൾക്കു പുറത്തു സംഘടനകളില്ലെന്നത് അദ്ഭുതകരമാണ്. നാം കണക്കിലെടുക്കേണ്ട മറ്റൊരു വാസ്തവമുണ്ട്. സിനിമാ വ്യവസായത്തിന്റെ അസൂയപ്പെടുത്തുന്ന താരപരിവേഷവും മലയാളികളുടെ അതിനോടുള്ള കാപട്യം നിറഞ്ഞ സ്നേഹിക്കൽ – വെറുക്കൽ – പുച്ഛിക്കൽ ബന്ധവും അതിലുമേറെ അതിലേക്ക് ഇന്നു വന്നുചേർന്നിരിക്കുന്ന ലൈംഗികാരോപണങ്ങളുടെ ത്രസിപ്പിക്കലും ഒന്നുചേർന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ വ്യാപകമായി ചർച്ചാവിഷയമാക്കിയിരിക്കുന്നത്. ഞാൻ അദ്ഭുതപ്പെടുകയായിരുന്നു: സ്ത്രീകൾ പ്രവർത്തിക്കുന്ന മറ്റേതെങ്കിലും മേഖലയെപ്പറ്റി ഇങ്ങനെയൊരു അന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടുണ്ടോ, അതു സാധ്യമാണോ?