‘എന്നെ രാക്ഷസനല്ലാതെ മനുഷ്യനായി കണ്ട ഏക വ്യക്തി’: സ്റ്റാലിനെ ‘വീഴ്ത്തിയ’ ഇന്ത്യൻ അംബാസഡർ
Mail This Article
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ 136–ാം ജന്മദിനമായിരുന്നു സെപ്റ്റംബർ 5ന്. പക്ഷേ, ആ ദിവസം ‘അധ്യാപകദിനത്തിന്റെ അനുഷ്ഠാന’ങ്ങളിലേക്കു ചുരുങ്ങുമ്പോൾ, ‘ദാർശനികനും പ്രതിഭാശാലിയുമായ അധ്യാപകൻ’ എന്ന കള്ളിയിലേക്കു മാത്രം ഒതുങ്ങിപ്പോവുകയാണ് ഡോ. രാധാകൃഷ്ണനും. സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരിൽ ഒരാളായിരുന്നു രാധാകൃഷ്ണനെന്നും ഇന്ത്യൻ അംബാസഡറായി സോവിയറ്റ് യൂണിയനിൽ ചെലവഴിച്ച കാലത്ത് ജോസഫ് സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളിൽ അദ്ദേഹം അനുപമമായ സ്വാധീനം ചെലുത്തിയിരുന്നു എന്നും അധികമാർക്കും അറിയില്ല. ഇന്ത്യയും സോവിയറ്റ് യൂണിയനും പരസ്പരം സംശയിക്കുന്ന കാലത്താണ് രാധാകൃഷ്ണനെ നെഹ്റു മോസ്കോയിലേക്ക് അയച്ചത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തതിനു പിന്നിൽ സോവിയറ്റ് യൂണിയനാണെന്ന് ഇന്ത്യ വിശ്വസിച്ചപ്പോൾ, സാമ്രാജ്യത്വശക്തികളുടെ കയ്യിലെ കളിപ്പാവ മാത്രമായ ഇന്ത്യയ്ക്കു യഥാർഥസ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നായിരുന്നു സോവിയറ്റ് യൂണിയൻ കരുതിയത്. പക്ഷേ, ഇന്ത്യയിൽനിന്ന് അധികം ദൂരെയല്ലാത്ത ഒരു വൻശക്തിയെ ശത്രുസ്ഥാനത്തു നിർത്തുന്നതിൽ നെഹ്റു ആശങ്കാകുലനായിരുന്നു. അതുകൊണ്ടുതന്നെ ആദ്യത്തെ അംബാസഡറായി നെഹ്റു നിയമിച്ചതു സ്വന്തം സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെയാണ്. പക്ഷേ, വരേണ്യതയും ധാർഷ്ട്യവും അലങ്കാരങ്ങൾപോലെ കൊണ്ടുനടക്കാറുള്ള വിജയലക്ഷ്മിക്കു കമ്യൂണിസ്റ്റ് റഷ്യയുടെ ‘ലാളിത്യവും പിശുക്കും റേഷനും’ ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ്