സമചിത്തത പാലിക്കാം - ബി.എസ്.വാരിയർ എഴുതുന്നു
Mail This Article
സ്ഥലജലഭ്രമം എന്ന പദം മഹാഭാരതകഥയിലൂടെ പ്രസിദ്ധി നേടി. പാണ്ഡവർക്ക് അവകാശപ്പെട്ടതു ഖാണ്ഡവപ്രസ്ഥമെന്ന തരിശുഭൂമി മാത്രമെന്നു കൗശലത്തോടെ പറഞ്ഞ്, ധൃതരാഷ്ട്രരും കൗരവരും ചേർന്ന് അവരെ ചതിച്ചു. പക്ഷേ കഠിനപ്രയത്നംവഴി യുധിഷ്ഠിരനും സഹോദരന്മാരും അതിനെ ഐശ്വര്യപൂർണമായ ഇന്ദ്രപ്രസ്ഥമാക്കി. മയൻ എന്ന അസുരശില്പി അതിമനോഹരമായ സൗധങ്ങൾ പണിഞ്ഞുകൊടുത്തു. സമൃദ്ധിയുടെ കൊടുമുടിയിലെത്തിയ അവർ നിരവധി രാജാക്കന്മാരെ ക്ഷണിച്ച് ആഘോഷത്തോടെ രാജസൂയം നടത്തി. അവിടെയെത്തിയ ദുര്യോധനൻ ഇതെല്ലാം കണ്ടു കണ്ണുമഞ്ഞളിച്ച്, അസൂയയുടെ കൊടുംതീയിൽപ്പെട്ടു. സ്ഫടികത്തെ വെല്ലുന്ന തിളക്കമുള്ള രാജമന്ദിരത്തിൽ വെള്ളമില്ലാത്തിടത്തു വെള്ളമുണ്ടെന്നു തോന്നി, വസ്ത്രമുയർത്തിനടന്നു. വെറും തറയെന്നു കരുതി കുളത്തിലേക്കു കാൽവഴുതി മറിഞ്ഞുവീണ് പരിഹാസ്യനായി. ഭീമസേനൻ കൈയടിച്ചു പൊട്ടിച്ചിരിച്ചു. മുകൾ നിലയിൽനിന്ന ദ്രൗപദി ‘അന്ധന്റെ മകൻ അന്ധൻ’ എന്നു പരിഹസിച്ച് ആർത്തുവിളിച്ചു വൈരത്തിന്റെ കടുത്ത മാനസികാവസ്ഥ മൂലം ദുര്യോധനനു