നടക്കുന്നത് നിർണായക പരീക്ഷണം; വിജയിച്ചാൽ രക്ഷപ്പെടുക ലക്ഷക്കണക്കിന് പാർക്കിൻസൺസ് രോഗികൾ
Mail This Article
അമ്മ മരിച്ചിട്ടു കൃത്യം രണ്ടു മാസമാകുന്നു. അമ്മയ്ക്ക് അൽസ്ഹൈമേഴ്സ് രോഗത്തിനൊപ്പം പാർക്കിൻസൺസ് രോഗവും ഉണ്ടായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളുടെ അച്ഛനമ്മമാർ പലരും പാർക്കിൻസൺസ് രോഗംകൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നമാണു പാർക്കിൻസൺസ് രോഗം. ഇന്ത്യയിൽ ഏകദേശം എൺപതു ലക്ഷം പാർക്കിൻസൺസ് രോഗികളുണ്ടെന്നാണു കണക്ക്. ചലനം, ഏകോപനം എന്നിവ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ന്യൂറോ കെമിക്കലാണ് ഡോപമിൻ. C₈H₁₁NO₂ എന്നതാണ് ഇതിന്റെ തന്മാത്രാ സൂത്രവാക്യം. ഡോപമിൻ നിർമിക്കുന്ന മസ്തിഷ്കകോശങ്ങളെ പാർക്കിൻസൺസ് രോഗം ക്രമേണ നശിപ്പിക്കുന്നു. പാർക്കിൻസൺസ് ഉള്ളവർക്കു ശരീരത്തിലെ സന്തുലിതാവസ്ഥ തകിടംമറിയുക, സംസാരം കുഴയുക തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാകാം. എന്നാൽ, പാർക്കിൻസൺസ് രോഗികൾക്കു വളരെ ആശാവഹമായ വാർത്ത യുഎസിൽനിന്നു വരുന്നുണ്ട്. പാർക്കിൻസൺസ് രോഗത്തിനുള്ള മരുന്നുകളുടെ കണ്ടുപിടിത്തങ്ങൾ രോഗികളിലേക്ക് എത്തിക്കാനുള്ള ക്ലിനിക്കൽ ട്രയലുകളുടെ തുടക്കത്തിലാണ് ഫ്ലോറിഡ സർവകലാശാലയിലെ രസതന്ത്ര പ്രഫസറും ഡിപ്പാർട്മെന്റ് ചെയറുമായ ഡോ. മാത്യു ഡിസ്നി.