‘വരാനിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ദുരന്തം’: പൈപ്പുകൾ റോക്കറ്റായി, പൊലീസിനു പോലുമില്ല ഈ ആയുധങ്ങൾ
Mail This Article
ഭീതിപ്പെടുത്തുന്ന നിശ്ശബ്ദതയാണ് മണിപ്പുരിൽ. 16 മാസമായി പരസ്പരം യുദ്ധം ചെയ്യുകയാണ് ജനസംഖ്യയുടെ ഭൂരിപക്ഷമായ മെയ്തെയ്കളും ന്യൂനപക്ഷമായ കുക്കി ഗോത്രങ്ങളും. വൻതോതിലുള്ള ആയുധങ്ങളാണ് ഇരുവിഭാഗവും സംഭരിച്ചിട്ടുള്ളത്. വീണ്ടും അക്രമമുണ്ടായാൽ അതു രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി മാറിയേക്കാമെന്നു സുരക്ഷാ ഏജൻസികൾ ഭയപ്പെടുന്നു. മണിപ്പുർ കലാപം വഴിത്തിരിവിലെത്തിയത് ജനവാസ കേന്ദ്രങ്ങൾക്കു നേരെ കുക്കികൾ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതോടെയാണ്. അതിർത്തികളിൽനിന്നു പരസ്പരം വെടിയുതിർത്തിരുന്നവർ പുതിയ ആക്രമണരീതി പുറത്തെടുത്തത് സാധാരണക്കാരുടെ ജീവിതത്തെ അരക്ഷിതാവസ്ഥയിലാക്കി. അതിർത്തികളിൽനിന്ന് അഞ്ചും ആറും കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർ ജീവഭയത്തിലാണ്. 15 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ഇരുവിഭാഗങ്ങളും പ്രാദേശികമായി വികസിപ്പിച്ചെടുത്തത്.