ശ്രീനാരായണഗുരു, വിശ്വചൈതന്യം; ആ ജീവിതവും ദർശനവും സ്മരിക്കാനുള്ള പ്രചോദനം
Mail This Article
ശിവഗിരി വൈദികമഠത്തിലായിരുന്നു ശ്രീനാരായണഗുരുദേവന്റെ അന്ത്യനിമിഷങ്ങൾ. സമീപമുണ്ടായിരുന്ന ശിഷ്യരോടും മഹാവൈദ്യന്മാരോടും ഗുരു തന്റെ സമാധിയടുത്ത വിവരം മുൻകൂട്ടി അറിയിച്ചിരുന്നു. ആ വേളയിലെല്ലാം ഗുരു പരമശാന്തനായിരുന്നു. ഒരു ശിഷ്യൻ ‘യോഗവാസിഷ്ഠം’ ചൊല്ലി. അതിനുശേഷം ഗുരു ഏറെ പ്രിയപ്പെട്ട ‘ദൈവദശകം’ ചൊല്ലിക്കേട്ടു. ഗുരുതന്നെ രചിച്ച മൃദുഭാഷയിലുള്ള ദാർശനിക പ്രാർഥനാഗീതം. അവസാന വരികളായ ‘ആഴമേറും നിൻ മഹസ്സാമാഴിയിൽ ഞങ്ങളാകവേ. ആഴണം വാഴണം നിത്യം, വാഴണം വാഴണം സുഖം’ എത്തിയപ്പോൾ ശാന്തമായി മിഴികൾ പൂട്ടി സമാധി പ്രാപിച്ചു. നിരന്തരം ലോകത്തെ കണ്ടുകൊണ്ടിരുന്ന ആ കണ്ണുകൾ ഭൗതികമായി അടഞ്ഞെന്നു മാത്രം. ‘ചക്രവാളസീമയ്ക്ക് അപ്പുറത്തേക്കു നീണ്ടിരിക്കുന്ന യോഗനയന’ങ്ങളെന്നു മഹാകവി രബീന്ദ്രനാഥ ടഗോർ വിശേഷിപ്പിച്ച കണ്ണുകൾ. ‘ഈശ്വരചൈതന്യം നിറഞ്ഞ് സ്വയം പ്രകാശമാനമായ ദ്യുതിയാൽ പ്രശോഭിക്കുന്ന തിരുമുഖ’മെന്നു ഗുരുദേവനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ടഗോർ രേഖപ്പെടുത്തിയിരുന്നു. വൈദികമഠത്തിന്റെ വരാന്തയിൽ ദീർഘനേരം നടന്ന കൂടിക്കാഴ്ചയിലുടനീളം ടഗോറിനെ ആകർഷിച്ചതു ഗുരുവിന്റെ നയനങ്ങളാണ്. സമാധി മുൻകൂട്ടി കണ്ടെന്നോണം ‘കന്നി അഞ്ച്’ നല്ല ദിവസമാണെന്നു ഗുരു പറഞ്ഞിരുന്നു.