കേജ്രിവാളിന്റേത് നിർണായക ചൂതാട്ടം; രാജി തന്ത്രം തകർന്നാൽ എന്നന്നേക്കുമായി എഎപി ഇല്ലാതാകും? മാതൃക ആ 2 നേതാക്കൾ
Mail This Article
ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‍രിവാൾ അപ്രതീക്ഷിതമായി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമ്പോൾ അത് കൃത്യമായി കണക്കുകൂട്ടിയുള്ള തന്ത്രമായി കണക്കാക്കാതിരിക്കാനാകില്ല. രാജ്യതലസ്ഥാനമായ ഡൽഹിയിലും പഞ്ചാബിലും നടത്തിയ പോരാട്ടങ്ങളിലെ മികവിന് പേരുകേട്ട കേജ്‍രിവാൾ തന്റെ രാജിയിലൂടെയും ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തെ ഇളക്കി മറിക്കുകയാണ്. മാസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കേജ്‍രിവാളിന്റെ നീക്കത്തെ വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ആദ്യകാല പ്രതാപത്തിന്റെ തിളക്കത്തിലല്ല ഡൽഹിയിൽ ഇപ്പോൾ എഎപി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എഎപിയുടെ രാഷ്ട്രീയ ഗുണങ്ങളിൽ കാര്യമായ ഇടിവുണ്ടായി. ഇതിൽ പ്രധാനം രാഷ്ട്രീയ നേതൃത്വത്തെ വിടാതെ പിന്തുടരുന്ന വിവാദങ്ങളാണ്. അഴിമതിക്കെതിരെ രൂപപ്പെട്ട പാർട്ടിക്ക് പൊതുജനപിന്തുണ കുറയുന്നു. അഴിമതി ആരോപണങ്ങളോടും മുൻനിര നേതാക്കളുടെ ജയിൽവാസത്തോടും പൊതുജനങ്ങൾക്കിടയിൽ സമ്മിശ്രപ്രതികരണമുയരുമ്പോൾ കേജ്‍രിവാളിന്റെ രാജിപ്രഖ്യാപനമുയർത്തുന്ന ഒരു ചോദ്യമുണ്ട്. പാർട്ടിയുടെ അടിത്തറ വീണ്ടെടുക്കാൻ കേജ്‌രിവാൾ നടത്തുന്ന അറ്റകൈ പ്രയോഗമാണോ ഇതെന്നതാണ് ആ ചോദ്യം.