ഹേമ കമ്മിറ്റി റിപ്പോർട്ട്: തുറന്നു സംസാരിക്കുമെന്നു കരുതിയവർപോലും നിശ്ശബ്ദരായി: അഞ്ജലി മേനോന്
Mail This Article
സിനിമ എന്ന തൊഴിൽമേഖലയിൽ സമത്വവും നീതിയും സുരക്ഷിതത്വവും ഉണ്ടാകണമെന്ന വലിയ സ്വപ്നം ഇപ്പോൾ പലരും കണ്ടുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏഴു വർഷമായി ഡബ്ല്യുസിസി (വിമൻ ഇൻ സിനിമ കലക്ടീവ്) ഈ ഒരാവശ്യമാണു മുന്നോട്ടുവയ്ക്കാൻ ശ്രമിച്ചിട്ടുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമുള്ള ചലനങ്ങളെ അതീവശ്രദ്ധയോടെയും ഗൗരവത്തോടെയും വേണം കാണാൻ. ‘ഒന്നും മിണ്ടാത്ത’ സംസ്കാരത്തിൽനിന്നു ചോദ്യങ്ങളും ചർച്ചകളും വിമർശനങ്ങളും തിരുത്തലും ഉള്ള സംസ്കാരത്തിലേക്കാണു നമ്മൾ നടന്നു തുടങ്ങിയിരിക്കുന്നത്. മോശം അനുഭവങ്ങൾ ചിലർ പങ്കുവച്ചതുകൊണ്ടു മാത്രമാണു മറ്റു പലർക്കും ഇതെക്കുറിച്ചു ശബ്ദിക്കാൻ ധൈര്യമുണ്ടായത്. (നേരത്തേ ഇവിടെ പല മേഖലകളിലും ഉയർന്ന ‘മി ടൂ’വിന്റെ തുടർച്ചയായിട്ടാണ് ഇതിനെ കാണേണ്ടത്.) അടിസ്ഥാനപരമായ തൊഴിൽപ്രശ്നങ്ങൾ, അനീതികൾ, അസമത്വങ്ങൾ തുടങ്ങി ഹേമ കമ്മിറ്റി റിപ്പോർട്ട് കൈചൂണ്ടുന്ന മറ്റു പ്രശ്നങ്ങളും വളരെ വലുതാണ്. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ ഗുണമുണ്ടാകുന്നതു സ്ത്രീകൾക്കു മാത്രമല്ല. തുല്യനീതിയെക്കുറിച്ചു പറയുമ്പോൾ ലൈറ്റ് യൂണിറ്റ് വർക്കേഴ്സ് മുതൽ പോസ്റ്റർ ഒട്ടിക്കുന്നവർ വരെയുള്ള നൂറുകണക്കിന് അസംഘടിത തൊഴിലാളികൾക്കുൾപ്പെടെ അതിന്റെ പ്രയോജനമുണ്ട്. ഷൂട്ടിങ് സ്ഥലത്ത് എല്ലാവർക്കും ശുചിമുറികൾ വേണമെന്ന് ആവശ്യപ്പെടുമ്പോൾ