തൊപ്പിവച്ചെത്തിയ അതിഥി - വായിക്കാം ‘ഇന്ത്യാ ഫയൽ’
Mail This Article
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വീട്ടിൽ താൻ നടത്തിയ സന്ദർശനത്തിനു രാഷ്ട്രീയനിറം നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്തിനു സാമാന്യമര്യാദയുടേതായ നല്ല വശവുമുണ്ട്. അസാധാരണമായ ആ സന്ദർശനത്തിന്റെ ശരിതെറ്റുകൾ വിശകലനം ചെയ്തവരേറെയും അഭിഭാഷകരാണ്. ചീഫ് ജസ്റ്റിസിനെ വിമർശിച്ചുവിമർശിച്ച് അവർ ഏതറ്റംവരെ പോകുമെന്നു പറയാനാവാത്ത സ്ഥിതിയായി. അപ്പോഴാണ്, കോൺഗ്രസ് മനസ്സുള്ളവരാണ് സന്ദർശനത്തെ വിമർശിക്കുന്നതെന്നും താൻ ഗണേശപൂജയിൽ പങ്കെടുത്തതാണ് അവരെ രോഷം കൊള്ളിക്കുന്നതെന്നും പറഞ്ഞ് വിവാദത്തിന്റെ ഫ്ലാഷ്‌ലൈറ്റ് തന്റെ മുഖത്തേക്കു തിരിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചത്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പുണെക്കാരനാണ്. മഹാരാഷ്ട്രക്കാർക്കു സവിശേഷ പ്രാധാന്യമുള്ളതാണ് ഗണേശ ചതുർഥി ആഘോഷവും അക്കാലത്തെ പൂജയും. അത് എല്ലാ വർഷവുമുള്ളതാണ്. ഇത്തവണത്തെ പൂജയിൽ പങ്കെടുക്കാൻ തന്റെ വീട്ടിൽ വരണമെന്നു പ്രധാനമന്ത്രിയെ ചീഫ് ജസ്റ്റിസ് ക്ഷണിച്ചതാണോ അതോ വരാൻ താൽപര്യപ്പെടുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞതാണോ തുടങ്ങിയ വിശദാംശങ്ങൾ വിമർശക ജൂറിയുടെ പരിശോധനയിലാണ്. പ്രധാനമന്ത്രിയുടെ ഓഫിസ്തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതും ആകെ 28 സെക്കൻഡ് നീളമുള്ളതുമായ ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത് ഇത്രമാത്രം: ചീഫ് ജസ്റ്റിസിന്റെ വീട്ടിലേക്കു