കോടീശ്വരി വരെ വിമത, കേന്ദ്രത്തിനെയും പേടിയില്ല; ആരു പറഞ്ഞിട്ടും മാറാത്ത റിബലുകൾ, ‘കാലുപിടിച്ച്’ ഹൂഡയും മകനും
Mail This Article
ഒക്ടോബർ അഞ്ചിനു നിയമസഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ ഹരിയാനയിൽ തെളിയുന്ന ചിത്രം, കാര്യങ്ങൾക്ക് ഒരു തെളിച്ചവുമില്ല എന്നതാണ്. രാഷ്ട്രീയമായി കണക്കുകൂട്ടലുകൾ ആകെ തകിടം മറിക്കുന്ന രീതിയിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു എന്നു പറയാവുന്ന അവസ്ഥയാണ് പ്രധാന കക്ഷികളായ ബിജെപിയിലും കോൺഗ്രസിലും. ഇരു പാർട്ടികളും വിചാരിച്ചതിലേറെ വിമതർ രംഗത്തു വന്നതും പുതിയ രാഷ്ട്രീയ മുന്നണികൾ രംഗത്ത് എത്തിയതുമാണ് ഈ സ്ഥിതി സംജാതമാക്കിയത്. എൻഡിഎ മുന്നണി ഇല്ലാതായത് ബിജെപിയുടെയും എഎപിയുമായി സഖ്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത് കോൺഗ്രസിന്റെയും സാധ്യതകളെ എങ്ങനെ ബാധിക്കും എന്നതും പ്രവചനാതീതമായി തുടരുന്നു. ചരിത്രം പരിശോധിച്ചാൽ ത്രികോണ മത്സരമാണു ഹരിയാന നിയമസഭയിലേക്കു കൂടുതലും നടന്നിട്ടുള്ളത്. 2009 മുതലുള്ള തിരഞ്ഞെടുപ്പിൽ ഇത് ഏറ്റവും സഹായിച്ചതു ബിജെപിയെ ആണ്. കഴിഞ്ഞ രണ്ടു തവണയും ഭരണം നേടാൻ ഇതിലൂടെ ബിജെപിക്കു സാധിച്ചു. എന്നാൽ ഇത്തവണ കാര്യങ്ങൾ ബിജെപിക്ക് അത്ര സുഗമമാകണമെന്നില്ല. ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐഎൻഎൽഡി) മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുമായി (ബിഎസ്പി) ചേർന്നുള്ള സഖ്യം, ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയും (ജെജെപി) ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായുള്ള (എഎസ്പി) സഖ്യം എന്നിവയ്ക്കു പുറമേ ആം ആദ്മി പാർട്ടിയും (എഎപി) ഭൂരിപക്ഷം സീറ്റുകളിലും മത്സരത്തിനുണ്ട്. ഇതും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാധ്യതകളെ എങ്ങനെയായിരിക്കും ബാധിക്കുക എന്നത് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.