കറുത്ത കുതിരയായി ഉത്തരകൊറിയ; ദക്ഷിണ കൊറിയയെയും യുക്രെയ്നിനെയും റഷ്യ പൂട്ടി; ആശങ്കയുടെ മുൾമുനയിൽ ലോകം!
Mail This Article
ലോകം ഒരു ചതുരംഗപലകയാണെങ്കിൽ അതിലെ കറുത്ത കുതിരയാണ് ഉത്തരകൊറിയ. അപ്രതീക്ഷിത നീക്കങ്ങളിലൂടെ എതിരാളിയുടെ കണക്കുകൂട്ടലുകൾ ആകെ തെറ്റിക്കുന്ന കറുത്ത കുതിര. റഷ്യ- യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ലോകത്തിന്റെ പലഭാഗത്തും യുദ്ധങ്ങളും സംഘർഷങ്ങളും തുടർക്കഥയാകുമ്പോൾ അതിലെ കേന്ദ്രകഥാപാത്രമാകുകയാണ് ഉത്തരകൊറിയ. ഈ വർഷം ജൂണിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉത്തരകൊറിയൻ സന്ദർശനത്തിനു പിന്നാലെ കിഴക്കൻ ഏഷ്യയിലെ ശാക്തിക സമവാക്യങ്ങൾ ആകെ തകിടം മറിഞ്ഞിരുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇറാനോ ചൈനയോ അല്ലെന്നും മറിച്ച് ഉത്തരകൊറിയ ആണെന്നും യുക്രെയ്ൻ ഇന്റലിജൻസ് മേധാവി കിറിലോ ബുധനോവ് സെപ്റ്റംബർ 14ന് തലസ്ഥാനമായ കീവിൽ നടന്ന സുരക്ഷാ കോൺഫറൻസിൽ ആരോപിച്ചിരുന്നു. ഏഴു മാസം മുൻപു ദക്ഷിണ കൊറിയയെ പ്രധാന ശത്രുവായി പ്രഖ്യാപിച്ചു ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ യുദ്ധത്തിന് ഒരുക്കം തുടങ്ങിയതു മുതൽ കൊറിയൻ ഉപദ്വീപിലും ലോകമെങ്ങും ആശങ്കയുടെ വേലിയേറ്റമാണ്. 13 ലക്ഷം സജീവ അംഗങ്ങളുള്ള ഉത്തരകൊറിയൻ സൈന്യം അംഗബലം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സൈന്യമായാണു പരിഗണിക്കപ്പെടുന്നത്. യുദ്ധത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന ഉത്തരകൊറിയയുടെ അവകാശവാദം,