ശ്രീലങ്കയ്ക്കു ‘വള്ളി’യാകുമോ അനുര കുമാരന്റെ കമ്യൂണിസ്റ്റ് പ്രതിച്ഛായ? കടം കയറി വീണ്ടും ‘കട’ പൂട്ടേണ്ടി വരുമോ?
Mail This Article
ഭാഗ്യം ഒറ്റതിരിഞ്ഞും ദൗർഭാഗ്യം കൂട്ടത്തോടെയും വരുമെന്നാണല്ലോ മഹാനായ ഷേക്‌സ്പിയർ പറഞ്ഞിട്ടുള്ളത് (When sorrows come, they come not single spies but in battalions- Hamlet). സഹോദരൻ ഹാംലെറ്റിനെ കൊലപ്പെടുത്തി അധികാരം പിടിച്ചിട്ടും പായയിൽ കിടന്നുറങ്ങാൻ പറ്റാത്ത ക്ലോഡിയസിന്റെ കുറ്റബോധവും ഉള്ളിലിരിപ്പും ഷേക്‌സ്പിയർ എഴുതിയത് നൂറ്റാണ്ടുകൾക്കു ശേഷം നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയുടെ തലയിലെഴുത്തായി മാറുമോ? 2009ൽ തമിഴ്പുലികളെ കൂട്ടത്തോടെ കൊന്നൊടുക്കി ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച ശേഷമുള്ള 10 കൊല്ലം ശ്രീലങ്കയ്ക്കു വച്ചടി കയറ്റമായിരുന്നു. രാജപക്സെ കുടുംബം അടക്കിവാണു. 2019 ഏപ്രിൽ 21ന് ഈസ്റ്റർ ദിനത്തിൽ ക്രിസ്തൻ പള്ളികൾ ഉൾപ്പെടെ കൊളംബോയിലെ 6 കേന്ദ്രങ്ങളിൽ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരസംഘടനകൾ നടത്തിയ ബോംബാക്രമണത്തിൽ 269 പേർ കൊല്ലപ്പെട്ടതോടെ വീണ്ടും കാലക്കേടു തുടങ്ങി. ഇന്ത്യയും യുഎസും ഉൾപ്പെടെ പലതവണ മുന്നറിയിപ്പു നൽകിയിട്ടും ഒന്നും ചെയ്യാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് ഭീകരാക്രമണത്തിനു കാരണമായതെന്ന കണ്ടെത്തൽ നാട്ടുകാരെയും വിദേശസഞ്ചാരികളെയും ഒരുപോലെ ഭയപ്പാടിലാക്കി. സഞ്ചാരികൾ വരാതായി. അതോടെ ഡോളർ വരവ് കുറഞ്ഞു.