സാധ്യമായ വളർച്ചാനിരക്ക് ഇതല്ല, ഇന്ത്യയ്ക്ക് ഇനിയും വളരാം, ലക്ഷ്യം വയ്ക്കേണ്ടത് 8%: പ്രഫ. ജയന്ത്
Mail This Article
അടിസ്ഥാന പലിശനിരക്ക് തീരുമാനിക്കുന്ന ആർബിഐയുടെ ആറംഗ പണനയ സമിതിയിലെ (എംപിസി) ഏറ്റവും ശ്രദ്ധേയവും വേറിട്ടതുമായ ശബ്ദം ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു– ചാലക്കുടി സ്വദേശിയായ പ്രഫ.ജയന്ത് ആർ. വർമയുടേത്. ഓരോ എംപിസി യോഗത്തിന്റെ മിനുട്സും ആർബിഐ പ്രസിദ്ധീകരിക്കുമ്പോൾ മാധ്യമപ്രവർത്തകരടക്കം ആദ്യം നോക്കിയിരുന്നത്, പ്രഫ.ജയന്ത് എന്ത് പറയുന്നു എന്നറിയാനായിരുന്നു. അദ്ദേഹത്തിന്റെ വേറിട്ട നിലപാടിലേക്ക് തുടർന്നുള്ള പല യോഗങ്ങളിലും എംപിസിക്ക് എത്തിച്ചേരേണ്ടതായും വന്നു. 4 വർഷത്തെ സേവനകാലാവധി പൂർത്തിയാക്കി അദ്ദേഹമടക്കം സമിതിയിലെ 3 എക്സ്റ്റേണൽ അംഗങ്ങൾ ഒക്ടോബർ 4ന്എംപിസിയുടെ പടിയിറങ്ങുകയാണ്. ഒക്ടോബർ 7 മുതൽ 9 വരെ നടക്കുന്ന അടുത്ത എംപിസി യോഗത്തിൽ പകരം 3 പുതിയ അംഗങ്ങളായിരിക്കുമുണ്ടാവുക. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറായ ജയന്ത്, ആയുർവേദ പണ്ഡിതൻ കെ. രാഘവൻ തിരുമുൽപാടിന്റെ സഹോദരൻ രാമവർമയുടെ മകനാണ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അംഗമായിരുന്ന അദ്ദേഹം സർക്കാരിന്റെ വിവിധ നിർണായക സമിതികളുടെ ഭാഗമായിരുന്നു. ആക്സിസ് ബാങ്ക്, ഭാരത് പെട്രോളിയം കോർപറേഷൻ, പഞ്ചാബ് നാഷനൽ ബാങ്ക്, ഇൻഫോസിസ് ബിപിഎം ലിമിറ്റഡ്, ഗിഫ്റ്റ് സിറ്റി ഗുജറാത്ത് തുടങ്ങിവയുടെ ഡയറക്ടർ ബോർഡിലും അംഗമായിരുന്നു. പണനയ സമിതിയിൽ എത്തിയ ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. ഇക്കഴിഞ്ഞ ഫെബ്രുവരി മുതലുള്ള 4 യോഗങ്ങളിലും പലിശനിരക്ക് കുറയ്ക്കണമെന്നാണ് പ്രഫ.ജയന്ത് ആവശ്യപ്പെട്ടത്. വിലക്കയറ്റവുമായി ബന്ധപ്പെട്ട ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശനിരക്ക് ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രഫ.ജയന്ത് ‘മലയാള മനോരമ’യോടു മനസ്സു തുറക്കുന്നു.