1,05,956: സിപിഎമ്മിനെ ഞെട്ടിച്ച തൃശൂരിലെ ആ വോട്ടുവ്യത്യാസം; പൂരം കലക്കലിന്റെ ബുദ്ധികേന്ദ്രം പിണറായിയുടെ വിശ്വസ്തൻ?
Mail This Article
തൃശൂരിലെ പൂരം കലക്കലും അതിന്റെ അന്വേഷണ റിപ്പോർട്ടിനെച്ചൊല്ലിയുള്ള വിവാദവും സിപിഎമ്മിന്റെ രാഷ്ട്രീയ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. ബിജെപിക്കു കേരളത്തിൽ അക്കൗണ്ട് തുറക്കാൻ പിണറായി വിജയന്റെ ഭരണനേതൃത്വത്തിന്റെ ആശീർവാദത്തോടെ പൊലീസിലെ ചിലർ കളിച്ചോ എന്ന, ഇടതിന്റെ അടിവേരിളക്കുന്ന ഗുരുതര രാഷ്ട്രീയചോദ്യം അതുയർത്തുന്നു. ബിജെപി–സിപിഎം അന്തർധാരയുടെ മേലാണ് തൃശൂരിൽ താമര വിരിഞ്ഞതെന്നു പ്രതിപക്ഷം നിരന്തരമായി ആരോപിക്കുന്നുണ്ട്. അതിൽ വാസ്തവമുണ്ടെന്ന സംശയം തങ്ങൾക്കുമുണ്ടെന്നു തൃശൂരിലെ സിപിഐ സ്ഥാനാർഥിയും ആ പാർട്ടിയും സൂചിപ്പിക്കുന്നു. 2019നെക്കാളും തൃശൂരിൽ വോട്ടുകുറഞ്ഞത് എൽഡിഎഫിനല്ല, യുഡിഎഫിനാണെന്നു ചൂണ്ടിക്കാട്ടിയാണ് അന്തർധാരാ ആക്ഷേപത്തെ സിപിഎം ഖണ്ഡിക്കുന്നത്. ആ കണക്ക് പുറത്തുതീർക്കുന്ന പരിച മാത്രം. അതു തന്നെയാണോ അകത്തെയും വസ്തുത? തൃശൂരിൽ പാർട്ടി വോട്ടുകളും ബിജെപിക്കു പോയെന്ന ഗുരുതര കുറ്റസമ്മതം തൃശൂർ ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകളിലുണ്ട്! ഇതുവരെയുള്ള സിപിഎം പ്രതിരോധത്തെ ദുർബലമാക്കുന്നതാണ് ഉൾപാർട്ടി റിപ്പോർട്ടിന്റെ ഉള്ളടക്കം. സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ 26–ാം പേജിൽ തൃശൂരിലെ തോൽവിയുമായി ബന്ധപ്പെട്ട് ഇങ്ങനെ വിശദമാക്കി: