പ്രതിപക്ഷം സഹായിച്ചാൽ അൻവർ സഭയിൽ സംസാരിക്കും; മുകേഷ്, സിപിഐ, എൻസിപി, ജെഡിഎസ്..: ആകെ കുഴപ്പത്തിലാണ് കക്ഷി
Mail This Article
‘സംസ്ഥാനത്തെ ഭരണാധികാരികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ സംഭാഷണം ചോർത്തിയതായി ഭരണകക്ഷി എംഎൽഎ വെളിപ്പെടുത്തിയതു സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോയെന്നും ഗുരുതര കുറ്റകൃത്യം സ്വയം വെളിപ്പെടുത്തിയ വ്യക്തിക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്നും വ്യക്തമാക്കുമോ?’ ഈ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന മറുപടിയോടെ ഒക്ടോബർ 4ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പി.വി.അൻവറിനെ പൂട്ടാനുള്ള ഭരണപക്ഷ നീക്കം തുടങ്ങും. എതിർപക്ഷത്തു വിള്ളലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, അൻവറിനെ സിപിഎം തള്ളിപ്പറയുംമുൻപ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ തയാറാക്കിയ ചോദ്യമാണിത്. എഡിജിപിയുടെ ആർഎസ്എസ് ബന്ധവും അൻവറിന്റെ ആരോപണങ്ങളുമടക്കം മറ്റ് ഒട്ടേറെ ചോദ്യങ്ങളും പ്രതിപക്ഷം നൽകിയെങ്കിലും അതെല്ലാം വെട്ടി; ഒക്ടോബർ 6നു മുഖ്യമന്ത്രി മറുപടി നൽകേണ്ട നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളുടെ പട്ടികയിൽ അൻവറിനെതിരെ ശബ്ദിക്കാൻ മുഖ്യമന്ത്രിക്കു സഹായകരമായ ഈ ചോദ്യം ഉൾപ്പെടുത്തുകയും ചെയ്തു. പി.വി.അൻവറിനെതിരെ മുഖ്യമന്ത്രിയും സിപിഎം നിയമസഭാകക്ഷിയും ഉറച്ചു തന്നെയാണെന്നു വ്യക്തം. പക്ഷേ, നിയമസഭാ സമ്മേളനം ചേരുമ്പോൾ എൽഡിഎഫ് നിയമസഭാകക്ഷിയെ ആഭ്യന്തരപ്രശ്നങ്ങൾ ഇതുപോലെ അലട്ടുന്ന സ്ഥിതി സമീപകാലത്തുണ്ടായിട്ടില്ല.