തിലകിന്റെ നിയോഗം ഏറ്റെടുത്ത് ഗാന്ധി; ആദ്യം തള്ളിയവരും പിന്നാലെയെത്തി; ‘നാലണ’ നൽകിയ ജനലക്ഷങ്ങളുടെ നായകൻ
Mail This Article
രാഷ്ട്രപിതാവിന്റെ 155-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലും ഇന്ത്യയിൽ ‘ഗാന്ധിനിന്ദ’ അനുസ്യൂതം തുടരുന്നുണ്ട്. ഗാന്ധിജി ഇല്ലായിരുന്നെങ്കിലും ‘നേതാജി എന്ന ആൺകുട്ടി’ ധർമയുദ്ധം ജയിച്ച് സ്വരാജ് നേടിത്തരുമായിരുന്നു എന്ന ആഖ്യാനം പാർലമെന്റ് അംഗങ്ങൾ മുതൽ സമൂഹമാധ്യമ ഭക്തർ വരെ ഇപ്പോഴും ഏറ്റുപാടുന്നുമുണ്ട്. പക്ഷേ, ഹിംസയിലൂടെയും യുദ്ധത്തിലൂടെയും സൃഷ്ടിക്കപ്പെട്ട ദേശരാഷ്ട്രങ്ങളിൽ ഭൂരിപക്ഷവും പിൽക്കാലത്ത് ഏകാധിപത്യത്തിലേക്കും തകർച്ചയിലേക്കും നടന്നുനീങ്ങിയ ചരിത്രം ഇതിനിടയിൽ അവർ സൗകര്യപൂർവം മറക്കുന്നു. ഗാന്ധിജിയുടെ അഹിംസാത്മകസമരം ‘ദുർബലമായിരുന്നു’ എന്നു വർത്തമാനകാലത്ത് ആക്ഷേപിക്കുന്നവരുടെ മുൻഗാമികളാണ് ബ്രിട്ടിഷ് ഭരണകാലത്ത് ഗാന്ധിജിയുടെ ജനകീയസമരങ്ങളെ ‘അപകടകരം, അരാജകത്വം, ഭ്രാന്ത്’ എന്നൊക്കെ ആക്ഷേപിച്ച് സാമ്രാജ്യത്വത്തിനൊപ്പം ചേർന്നുനിന്നത് എന്ന തമാശയും നമുക്കു മുന്നിലുണ്ട്. പക്ഷേ, എല്ലാ അവഹേളനങ്ങൾക്കും അപ്പുറം ദേശീയപ്രസ്ഥാനത്തെ ജനകീയ മുന്നേറ്റമായി മാറ്റിയെടുത്തത് ഗാന്ധിജിയുടെ നേതൃത്വമായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്ന അഹിംസയിലും ധാർമികതയിലും ഊന്നിയ ഒരു വിശാലമതനിരപേക്ഷ സഖ്യം ആയിരിക്കണം ദേശീയപ്രസ്ഥാനമെന്ന്