ജ്യോതി ബസുവിന്റെ ശരീരത്തിന്റെ ‘ഉടമയും’ ലോറൻസിന്റെ ഭൗതിക ശരീരത്തിന്റെ ‘അവകാശിയും’! അവരും അന്തസ്സായി മരിക്കട്ടെ, മടങ്ങട്ടെ
Mail This Article
എന്റെ ശരീരത്തിന്റെ അവകാശി ആരാണ് ? ഏതാനും ദിവസങ്ങൾക്കു മുമ്പ് എന്റെ മനസിലേക്ക് ഓടിയെത്തിയ ഒരു ചോദ്യം ഇതാണ്. അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു കൊടുക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കങ്ങളാണ് ഇങ്ങനെ ഒരു ചിന്തയ്ക്കു പിന്നിൽ. ഒരു പക്ഷേ നമ്മുടെ എല്ലാവരുടെയും മനസിൽ ഈ ചോദ്യം പലവട്ടം ഉയർന്നിരിക്കാം. നിയമപരമായി നോക്കുമ്പോൾ ജീവിച്ചിരിക്കുമ്പോൾ തന്റെ ശരീരത്തിന്റെ ഉടമസ്ഥതയും പൂർണമായ അവകാശവും ആ വ്യക്തിക്കു തന്നെയാണ്. ആ അധികാരം എത്ര വലുതാണെന്നു നോക്കാം. രോഗം വന്നാൽ ചികിത്സ വേണ്ടെന്നു വയ്ക്കാൻ പോലുമുള്ള അവകാശവും വ്യക്തിക്കു തന്നെയാണ്. എന്നാൽ ഈ അധികാരത്തിൽ ചില മാറ്റങ്ങൾ ഉണ്ടുതാനും. ഭരണഘടനയുടെ 21–ാം അനുഛേദം അനുസരിച്ച് പൗരന്റെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം രാജ്യത്തിനുണ്ട്. പൗരന്റെ ജീവൻ സംരക്ഷിക്കുക എന്നത് ഭരണഘടനാ പരമായി രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. ഈ അധികാരം ഉപയോഗിക്കുന്നതിനും ഏറ്റെടുക്കുന്നതിനും വ്യവസ്ഥ ബാധകമാണ്. അതായത് സ്വന്തം ജീവൻ രക്ഷിക്കുന്നതു സംബന്ധിച്ച തീരുമാനം പൗരന് സ്വയം നിർണയിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് രാജ്യത്തിന് ആ അധികാരം വന്നു ചേരുന്നത്. എന്നാൽ ജീവിച്ചിരിക്കുമ്പോൾ സ്വന്തം ശരീരം സംബന്ധിച്ച പൂർണമായ അധികാരം ആ വ്യക്തിക്കു തന്നെയാണ്.