ഈ പച്ചക്കറിച്ചെടികള്‍ വീട്ടിൽ നിർബന്ധമായും വേണം; എങ്ങനെ ഒരുക്കാം അടുക്കളത്തോട്ടം? മണ്ണ്, വിത്ത്, വളം, നന, കീടനാശിനി... അറിയേണ്ടതെല്ലാം
Mail This Article
പച്ചമുളക് കടിച്ചാൽ ചുണ്ട് എരിയുമെന്ന് നമുക്കറിയാം. എന്നാൽ ഇപ്പോൾ നമ്മുടെ അടുക്കളയിൽ കിട്ടുന്ന ചില പച്ചമുളക് കടിച്ചാൽ നെഞ്ചും എരിയും. പച്ചമുളകിൽ മാത്രം ഏഴു തരം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്ന പരിശോധനാ ഫലം പുറത്തു വന്നതാണ് അതിനു കാരണം. വർഷങ്ങൾക്കു മുൻപ്, നമ്മുടെ അടുക്കള വാതിൽ വഴി പുറത്തിറങ്ങിയാൽ പാത്രം കഴുകുന്നിടത്തു കാണും ഒന്നോ രണ്ടോ കാന്താരിച്ചെടി. രണ്ടെണ്ണം പൊട്ടിച്ചെടുത്താൽ എല്ലാ കറിക്കും എരിവായി. പക്ഷേ ഇന്നോ? അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിൽ കീടനാശിനികൾ ധാരാളമുണ്ടെന്ന് നമുക്കറിയാം. എന്നിട്ടും നമ്മളത് വാങ്ങുന്നു. എന്താകും കാരണം? ഒരു അടുക്കളത്തോട്ടമുണ്ടെങ്കിൽ പണം മാത്രമല്ല ആരോഗ്യവും സംരക്ഷിക്കാമെന്ന് എല്ലാവർക്കുമറിയാം. എന്നാലും ഒരു മടി. എങ്ങനെ വീട്ടിൽ കൃഷി ചെയ്യും? അതു മാത്രമല്ല എന്തൊക്കെ ശ്രദ്ധിക്കണം? ഇങ്ങനെ ഒരായിരം ചോദ്യങ്ങളാണ് നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. ആ സംശയങ്ങൾക്ക് വിട നൽകാം. വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നതു സംബന്ധിച്ച നിർദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും മനോരമ ഓൺലൈൻ നടത്തിയ കാർഷിക വെബിനാർ ചർച്ച ചെയ്തു. കൃഷി വകുപ്പ് മുൻ അഡിഷനൽ ഡയറക്ടർ ആർ. വീണാ റാണി നയിച്ച വെബിനാറിൽ ഇതു സംബന്ധിച്ച സംശയങ്ങൾക്കുള്ള വിശദമായ മറുപടിയും അവർ നൽകി. വെബിനാർ ചർച്ചയിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കാം, വീട്ടിലൊരുക്കാം ഒരു കൃഷിത്തോട്ടം.