ബിജെപി സ്നേഹിച്ച കോൺഗ്രസിന്റെ കുമാരി; ഹരിയാനയിൽ ഹൂഡയ്ക്ക് ‘സെൽജ ശാപം’; എങ്ങനെ പാളി ‘ബാപു–ബേഠാ’ തന്ത്രം?
Mail This Article
ഒക്ടോബർ 5നു വൈകിട്ട് എക്സിറ്റ് പോൾ ഫലം വന്നതിനു പിന്നാലെ മാധ്യമ പ്രവർത്തകർ ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡയോടു ചോദിച്ചു– ‘ആരായിരിക്കും കോൺഗ്രസിന്റെ മുഖ്യമന്ത്രി?’. ദലിത് നേതാവ് കുമാരി സെൽജ മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദം ചെലുത്തുന്നുവെന്ന വാർത്ത പ്രചാരംകൊണ്ട സാഹചര്യത്തിലായിരുന്നു ചോദ്യം. ഹൂഡയുടെ മറുപടി ഇങ്ങനെ: ‘ഞാൻ തളർന്നിട്ടില്ല, വിരമിച്ചിട്ടുമില്ല...’ പക്ഷേ, തിരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ ഹൂഡയുടെ അഭിപ്രായം തേടി വന്ന മാധ്യമപ്രവർത്തകരെല്ലാം കണ്ടു, ഹൂഡ തളർന്നിരുന്നു. സജീവരാഷ്ട്രീയത്തിൽനിന്ന് ഇനി വിരമിക്കുമോയെന്ന ചോദ്യം മാത്രം ബാക്കി. 77 വയസ്സായി ഹൂഡയ്ക്ക്. മകൻ നാൽപത്തിയാറുകാരൻ ദീപേന്ദർ സിങ് ഹൂഡ നേതൃനിരയിലേക്ക് ഉയർന്നു വന്നുകൊണ്ടിരിക്കുന്നു. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കാനും തന്ത്രങ്ങളൊരുക്കാനും കോൺഗ്രസിന് ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളൂ; അതിനാൽത്തന്നെ വരുംനാളുകളിൽ പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഹൂഡയ്ക്ക് നേരിടേണ്ടി വരിക ചോദ്യങ്ങളുടെ കൂരമ്പുകളായിരിക്കും. 2019നെ അപേക്ഷിച്ച് കോൺഗ്രസിന് നാലു സീറ്റിന്റെ മാത്രം ഭൂരിപക്ഷമാണ് ഹൂഡയ്ക്ക് ഇത്തവണ നേടിക്കൊടുക്കാനുമായത്. 2019ൽ മോദി തരംഗത്തെ മറികടന്ന് ഹൂഡ നേടിയ 31 സീറ്റ് കോൺഗ്രസിന് ആശ്വാസനത്തിനും അപ്പുറമായിരുന്നു. എന്നാൽ 2024ൽ സാഹര്യങ്ങളെല്ലാം അനുകൂലമായിട്ടും അത് മുതലെടുക്കാൻ എന്തുകൊണ്ടാണ് ഹൂഡയ്ക്കു സാധിക്കാതിരുന്നതെന്ന ചോദ്യം ശക്തമാണ്. കോൺഗ്രസ് വോട്ടുകൾ എവിടെനിന്നാണ് ചോർന്നതെന്ന് ഒരുപക്ഷേ ബിജെപി ക്യാംപ് പോലും അദ്ഭുതംകൂറുന്നുണ്ടാകും. ഹൂഡയുടെ ഹരിയാന തന്ത്രങ്ങൾ