ഒരേ ദിവസം ജനിച്ചെങ്കിലും പ്രായം ഒന്നാകില്ല; വാർധക്യ ഗവേഷണത്തിന്റെ വഴികാട്ടിയായി ഈ കുഞ്ഞൻ പുഴു!
Mail This Article
നിങ്ങൾ എന്ന് മരിക്കും? ഓരോ മനുഷ്യനും ഉത്തരം ആഗ്രഹിക്കുന്ന ചോദ്യമാണിത്. മരണദിവസവും സമയവും അറിഞ്ഞാൽ സൗകര്യമേറെയല്ലേ? ഗവേഷണം ആ വഴിക്കും പുരോഗമിക്കുന്നു എന്നാണ് ഉത്തരം. ജാതകത്തിൽ ജ്യോത്സ്യൻ ശേഷം ചിന്ത്യം എന്നെഴുതി പിൻവാങ്ങുന്നു. പക്ഷിശാസ്ത്രത്തിൽ തത്തയെക്കൊണ്ട് ഓല കൊത്തിയെടുപ്പിച്ച് ഉത്തരം തേടുന്നവരുണ്ട്. പുരാതന റോമിലും ഗ്രീസിലും ജ്യോതിഷികൾ ജനനപ്പട്ടികയിലെ ഗ്രഹസ്ഥിതി മരണഗ്രഹത്തിന്റെ നിലയോടു തട്ടിച്ചുനോക്കി അന്ത്യം പ്രവചിച്ചിരുന്നു. നമ്മുടെ നാട്ടിലും ഗ്രഹസ്ഥിതിയും ദശകളും പ്രത്യേകിച്ച് അഷ്ടദശയും കൂട്ടിവായിച്ചു മരണഗണനം നടത്തുന്നു. സംഖ്യാശാസ്ത്രവിശാരദർ ഡെത്ത് കാൽക്കുലേറ്ററും സൃഷ്ടിച്ചിട്ടുണ്ട്. മരണശാസ്‌ത്രം (THANATOLOGY) പല പുത്തൻ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും കൃത്യമായ പ്രവചനത്തിൽനിന്നു മാറിനിൽക്കുകയാണ്. ജരാനരകളുടെ പൂർണവിരാമം എവിടെയെന്നു പുതിയ അതീതജനിതക ഘടികാരം (EPIGENETIC CLOCK) അന്വേഷിക്കുന്നു. ചുമരിലെ ഘടികാരത്തിന്റെ നീക്കം ഒരുപോലെയാണെങ്കിലും ഓരോരുത്തർക്കു പ്രായമാകുന്നതു വ്യത്യസ്തരീതിയിലാണ്. ചിലർക്കു വേഗത്തിൽ, വേറെ ചിലർക്കു സാവധാനത്തിൽ.