കൂറ്, അതല്ലേ എല്ലാം? – ബി.എസ്. വാരിയർ എഴുതുന്നു
Mail This Article
മഹാഭാരതത്തിലെ കൗതുകം ജനിപ്പിക്കുന്ന കഥാപാത്രമാണ് അംബ. കാശിരാജാവിന്റെ പുത്രി. സഹോദരിമാരായ അംബ, അംബിക, അംബാലിക എന്നിവരുടെ സ്വയംവരം നടക്കുമ്പോൾ, ശക്തനായ ഭീഷ്മർ കടന്നുവന്നു മൂവരെയും ബലം പ്രയോഗിച്ചു രഥത്തിലേറ്റി. എതിർത്ത രാജാക്കന്മാരെയെല്ലാം എയ്തു തോൽപിച്ച്, അവരെ ഹസ്തിനപുരത്തിലേക്ക് കടത്തി. അവിടത്തെ രാജാവും തന്റെ അർധസഹോദരനുമായ വിചിത്രവീര്യന് ഈ രാജകുമാരിമാരെ വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു ഭീഷ്മരുടെ ലക്ഷ്യം. പക്ഷേ സാല്വനെ മനസ്സാ വരിച്ചിരുന്ന അംബയ്ക്ക് ഈ വിവാഹത്തിൽ താല്‍പര്യമില്ലായിരുന്നു. ഇതറിഞ്ഞ ഭീഷ്മർ അംബയെ സാല്വന്റെ അരികിലെത്തിച്ചു. നേരത്തേ വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കിലും, ഭീഷ്മരെന്ന അന്യപുരുഷന്റെ കൂടെപ്പോയെന്ന കാരണത്താൽ സാല്വൻ അംബയെ തിരസ്കരിച്ചു. നിത്യബ്രഹ്മചാരിയായ ഭീഷ്മരും അംബയെ വിവാഹം ചെയ്യില്ലെന്നു തീർത്തുപറഞ്ഞു. തിരികെയെത്തിയ അംബയെ വിചിത്രവീര്യനും സ്വീകരിച്ചില്ല. തന്റെ ദുരവസ്ഥയ്ക്കു കാരണക്കാരനായ ഭീഷ്മരെ വധിക്കണമെന്ന് അംബ നിശ്ചയിച്ചു. പക്ഷേ വില്ലാളിവീരനായ ഭീഷ്മരെ നേരിടാൻ താൻ അശക്തയാണെന്നറിയാമായിരുന്ന അംബ പല വാതിലുകളിലും മുട്ടി. ആരും കനിഞ്ഞില്ല. ഒടുവിൽ ശിവന്റെ അനുഗ്രഹം നേടി.