ഹരിയാനയിലെ ബിജെപിയുടെ ജയമല്ല, കോൺഗ്രസിന്റെ പരാജയമാണ് ചർച്ച. സ്വാഭാവികം. വോട്ടെണ്ണൽ ഏതാണ്ട് അവസാനിച്ചശേഷവും ഭൂപീന്ദർ സിങ് ഹൂഡ ഡൽഹിയിലെ നേതാക്കളോടു പറഞ്ഞത്രേ: ‘നമ്മൾ ജയിക്കും’. ആത്മവിശ്വാസമാണ് രാഷ്ട്രീയക്കാരുടെ ജീവവായു. എങ്കിലും, ഹൂഡ പ്രത്യേകമായൊരു കൂപ്പുകൈ അർഹിക്കുന്നു; ഏതു സാഹചര്യത്തെയും പ്രതികൂലമാക്കാനുള്ള ശേഷി ഇനിയും കൈവിടാത്തതിനു കോൺഗ്രസും. 2019ലേതിൽനിന്നു കോൺഗ്രസിന് ആറു സീറ്റ് കൂടി; ബിജെപിക്ക് എട്ടും. മൊത്തം വോട്ടിൽ രണ്ടു പാർട്ടികളും തമ്മിലുള്ള വ്യത്യാസം ഒരു ശതമാനത്തിൽ താഴെയാണ്. അതിൽ വ്യക്തമാകുന്നത്: നാലു മാസം മുൻപത്തെ ലോക്സഭാ ഫലത്തിൽ പ്രതിഫലിച്ച മാറ്റത്തിന്റെ കാറ്റ് കോൺഗ്രസിനെ ഒരു പരിധിവരെ മാത്രമേ സഹായിച്ചുള്ളൂ; ആ കാറ്റിന്റെ ഗതി നിയന്ത്രണവിധേയമാക്കാൻ ബിജെപിക്കു സാധിച്ചു.

കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്നു പലരും ഉറപ്പിച്ചു പറഞ്ഞതിനു പല കാരണങ്ങളുണ്ടായിരുന്നു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു പകുതി സീറ്റും നഷ്ടമായതാണ്, ലോക്സഭാ സീറ്റുകളെ നിയമസഭയിലേക്കു മാറ്റിയെഴുതുമ്പോൾ കോൺഗ്രസിനാണ് മേൽക്കൈ, ബിജെപിക്കു വിമത പ്രശ്നങ്ങളുണ്ട്, കർഷകസമരം തുടരുകയാണ്, ഗുസ്തിക്കാരുടെ സങ്കടങ്ങൾക്ക് അറുതി വന്നിട്ടില്ല എന്നിങ്ങനെ പലതും. 1950കളിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ചിലർ പിന്നീടു പറഞ്ഞുകേട്ടിട്ടുണ്ട്: ‘വിപ്ലവം അടുത്ത കവലയിൽ എത്തിനിൽപുണ്ട്; ജാഥയുമായി ചെന്നാൽ കൂട്ടിക്കൊണ്ടുപോരാം എന്നാണു കരുതിയത്’. അതുപോലൊരു മനോഭാവവുമായാണ് കോൺഗ്രസ് ഹരിയാന തിരഞ്ഞെടുപ്പിനെ നേരിട്ടത്: വെറുതേ മത്സരിച്ചാൽ മതി, വിജയം ഒപ്പം പോരും. അങ്ങനെ സംഭവിക്കുമായിരുന്നു, വേണ്ടത്ര ഗൗരവത്തോടെ തിരഞ്ഞെടുപ്പിനെ സമീപിച്ചിരുന്നെങ്കിൽ.

PTI09_18_2024_000174A
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, നേതാക്കളായ കെ.സി.വേണുഗോപാൽ, അശോക് ഗെലോട്ട്, അജയ് മാക്കൻ എന്നിവർ ഹരിയാനയിലെ തിരഞ്ഞടുപ്പു പ്രകടന പത്രിക പുറത്തിറക്കിയപ്പോൾ (Photo by PTI)

ഗൗരവം ഉണ്ടായില്ലെന്നു മാത്രമല്ല, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കണ്ട അതേ രീതി ആവർത്തിക്കുകയാണ് കോൺഗ്രസ് ചെയ്തത്. 2018നുശേഷം ഉത്തരേന്ത്യയിൽ ഹിമാചൽപ്രദേശ് എന്നൊരു ചെറുസംസ്ഥാനത്തു മാത്രമാണ് കോൺഗ്രസ് ജയിച്ചിട്ടുള്ളത് എന്നുകൂടി ഓർക്കാം. ഹരിയാനയിലെ പരാജയത്തിന്റെ വിലയിരുത്തലിൽ പാർട്ടി പതിവുകാരണങ്ങൾ കണ്ടെത്തുകയും ചെയ്തു: നേതാക്കളുടെ പിഴവ്, ഐക്യമില്ലായ്മ, സംഘടനയില്ലായ്മ, വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ക്രമക്കേട്. ഇതിൽ അവസാനത്തേതൊഴികെയുള്ള കാരണങ്ങൾക്കു തെളിവുകൾ കണ്ടെടുക്കാൻ അധ്വാനിക്കേണ്ടതില്ല.

2009ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും ഒൻപതു ശതമാനം വോട്ടാണ് ബിജെപി നേടിയത്. വലുപ്പത്തിൽ ചെറുതാണെങ്കിലും, കേന്ദ്രത്തിലെ ഭരണവുമായി ചേർത്തുവയ്ക്കുമ്പോൾ, അയൽപക്കമായ ഹരിയാനയ്ക്കു വലിയ പ്രാധാന്യമുണ്ട്. ഡൽഹിയിലേക്കു വരുന്ന സമരങ്ങളുടെ മാത്രം കാര്യമെടുത്താൽ, 1980കളുടെ തുടക്കത്തിൽ സിഖ് പ്രക്ഷോഭകാരികളെ തടഞ്ഞതു ഹരിയാനയാണ്; കഴിഞ്ഞ വർഷങ്ങളിൽ കർഷകസമരത്തിലും ഹരിയാനയുടെ തടസ്സനിലപാട് കേന്ദ്രത്തിനു സഹായകമായി. പ്രാധാന്യമറിഞ്ഞാണ് 2014 മുതലെങ്കിലും ബിജെപി ഹരിയാനയെ സമീപിച്ചിട്ടുള്ളത്.

mob-bjp-victory-1
ഹരിയാനയിലെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബിജെപി പ്രവർത്തകർ. (Photo by Narinder NANU / AFP)
mob-bjp-victory-1
ഹരിയാനയിലെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബിജെപി പ്രവർത്തകർ. (Photo by Narinder NANU / AFP)

കേന്ദ്രത്തിലെയും സംസ്ഥാനത്തെയും വികസന സമീപനത്തിന്റെ ജയമാണ് ഹരിയാനയിലുണ്ടായതെന്ന ബിജെപിയുടെ പ്രസ്താവനയ്ക്കു പരസ്യവാചകങ്ങളുടെ വിലയേയുള്ളൂ എന്നു പ്രത്യേകം പറയേണ്ടതില്ല. സംസ്ഥാന ജനസംഖ്യയുടെ നാലിലൊന്നു മാത്രമുള്ള ജാട്ടുകളുടെ മേധാവിത്വത്തിനെതിരായ വികാരത്തെ മുതലാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ഏറെ വർഷങ്ങളായി പ്രയോഗിച്ചിരുന്നത്. പഞ്ചാബി ഖത്രിയായ മനോഹർ ലാൽ ഖട്ടറിനെ 2014ൽ മുഖ്യമന്ത്രിയാക്കി; മൂന്നാം ജയത്തിന് അദ്ദേഹത്തിന്റെ മുഖം സഹായകമല്ലെന്ന ബോധ്യത്തിൽ കഴിഞ്ഞ മാർ‍ച്ചിൽ നായബ് സിങ് സെയ്നിയെ പദവിയേൽപിച്ചു. ജാതി സെൻസസിനെ പ്രതിപക്ഷം മുദ്രാവാക്യമാക്കുന്നതിന് ഏറെ മുൻപേ, ഇതര പിന്നാക്കക്കാരെയും പട്ടികജാതികളെയും ഒപ്പം നിർത്താൻ ഒട്ടേറെ തീരുമാനങ്ങൾ ബിജെപിയിൽനിന്നുണ്ടായി.

വേണമെങ്കിൽ പറയാം, കാൻഷി റാമിന്റെ ‘സോഷ്യൽ എൻജിനീയറിങ്’ തന്ത്രാശയങ്ങൾ ബിജെപി തങ്ങളുടേതായ രീതിയിൽ നടപ്പാക്കി. ജാട്ട് ഇതര വിഭാഗങ്ങളുടെ ആത്മാഭിമാനം വർധിപ്പിക്കാനും അവർക്ക് അംഗീകാരം, പ്രാതിനിധ്യം എന്നിവ ലഭിച്ചുവെന്നു തോന്നാനും തക്കതായ നടപടികളുണ്ടായി. പല ജാതികൾക്കും ക്ഷേമബോർഡുകൾ, റോഡുകൾക്കു നേതാക്കളുടെ പേര്, വിവിധ ജാതികളുമായി ബന്ധപ്പെട്ട മഹാത്മാക്കളുടെ ജന്മദിനത്തിന് അവധി, നഗരമധ്യങ്ങളിൽ പ്രതിമകൾ, രാജ്യസഭയിലേക്കുൾപ്പെടെ ജാതിതിരിച്ചുള്ള പ്രാതിനിധ്യം. എന്തിനേറെ, അധാർമിക പ്രവ‍ൃത്തികൾക്കു ഹരിയാനയിൽ പറയുന്ന ‘ഗോരഖ്ദണ്ഡ’ എന്ന വാക്കിന്റെ പ്രയോഗംപോലും വിലക്കി. ആ വാക്ക് തങ്ങളുടെ ആചാര്യൻ ഗോരഖ്നാഥിനെ ആക്ഷേപിക്കുന്നതാണെന്നു ജോഗി വിഭാഗത്തിനു പരാതിയുണ്ടായിരുന്നു. ബിജെപിയുടെ പ്രവൃത്തികളിൽ പലതും ജാതിവ്യവസ്ഥിതി ഊട്ടിയുറപ്പിച്ചുള്ളതാണെന്നു വിമർശിക്കാമെങ്കിലും വോട്ടുകണ്ണടവച്ചു നോക്കുമ്പോൾ പ്രയോജനമൂല്യമുള്ളവയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു പട്ടികജാതി സംവരണ മണ്ഡലങ്ങളിലും കോൺഗ്രസാണു ജയിച്ചത്. എന്നാൽ, നിയമസഭയിലേക്ക് 17 സംവരണ മണ്ഡലങ്ങളിൽ എട്ടെണ്ണം ബിജെപിക്കാണ്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് പട്ടികജാതി സംവരണത്തിൽത്തന്നെ ഉപസംവരണം ആവാമെന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചത്. അതിന്റെ 17–ാം ദിവസം പട്ടികജാതിക്ക് 20 ശതമാനവും അതിൽത്തന്നെ അതിപീഡിത വിഭാഗത്തിനു പത്തു ശതമാനവും സംവരണം ഹരിയാന മന്ത്രിസഭ തീരുമാനിച്ചു. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു മൂന്നാം ദിവസമാണ് ഉപസംവരണ തീരുമാനം മുഖ്യമന്ത്രി സെയ്നിയുടെ പ്രസ്താവനയായതെങ്കിലും പെരുമാറ്റച്ചട്ട ലംഘനമെന്നൊന്നും ആരും പറഞ്ഞില്ല.

മൊത്തത്തിൽ നോക്കുമ്പോൾ, ഹരിയാനയിൽ നിയമസഭാ ജയം തുടരാനുള്ള കാര്യങ്ങൾ ബിജെപി ഏതാനും വർഷമായി ചെയ്യുന്നതാണ്. എങ്ങാനും പോരായ്മയുണ്ടെങ്കിൽ, ഭരണം അത്ര പോരെന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ, അവരുടെ വോട്ടു പിളർത്താൻ സ്വതന്ത്രരെ ഉപയോഗിക്കുകയെന്ന തന്ത്രവും ഫലപ്രദമായി പ്രയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവംകൊണ്ട് തിരഞ്ഞെടുപ്പുകൾ ജയിക്കാമെന്ന വിചാരം ബിജെപി ഉപേക്ഷിച്ചിരിക്കുന്നുവെന്നു സാന്ദർഭികമായി പറഞ്ഞുപോകാം. ചുരുക്കത്തിൽ, പതിവു ദൗർബല്യങ്ങളൊന്നും മാറ്റിവയ്ക്കാൻ തയാറാവാതെ, ലോക്സഭാ ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ഹരിയാന തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തു കണ്ട പ്രതിപക്ഷ ഐക്യത്തിന് അതിന്റേതായ വിലയുണ്ടെന്ന സത്യം അംഗീകരിക്കാൻപോലും തയാറായില്ല. ഹൂഡയും കുമാരി സെൽജയും തമ്മിലുള്ള പോര് രണ്ടു ജാതികൾ തമ്മിലുള്ള പോരായി വ്യാഖ്യാനിക്കപ്പെടുമെന്നു ചിന്തിച്ചതുമില്ല.

നായബ് സിങ് സെയ്നി ഡല്‍ഹിയിലെ ഹരിയാന ഭവനോടു ചേർന്നുള്ള ക്ഷേത്രത്തിൽ പൂജ ചെയ്യുന്നു (Photo from X/BJP4Haryana)
നായബ് സിങ് സെയ്നി ഡല്‍ഹിയിലെ ഹരിയാന ഭവനോടു ചേർന്നുള്ള ക്ഷേത്രത്തിൽ പൂജ ചെയ്യുന്നു (Photo from X/BJP4Haryana)

പഴുതുകളടച്ചുള്ള പ്രവർത്തനത്തിന്റെ ഫലം ബിജെപിക്കു ലഭിച്ചു. ഹരിയാനയിൽ അണിഞ്ഞ അതേ പഴഞ്ചൻ കുപ്പായവും ധരിച്ചാണോ മഹാരാഷ്ട്രയിലേക്കും ജാർഖണ്ഡിലേക്കും കോൺഗ്രസ് പോകുകയെന്നാണ് ഇനി കാണേണ്ടത്. പരാജയകാരണങ്ങൾ പാർട്ടി വിലയിരുത്തി; സംസ്ഥാനത്തിന്റെ ചുമതലക്കാരൻ ദീപക് ബാബ്റിയ കുറ്റമേറ്റ് രാജിയും വച്ചു. എങ്കിലും, ഹരിയാനാഫലം അംഗീകരിക്കുന്നതായി കോൺഗ്രസ് ഇനിയും പറഞ്ഞിട്ടില്ല. ഹൂഡ ആളൊരു ഭയങ്കരൻതന്നെ എന്നല്ലാതെ എന്തു പറയാൻ!

English Summary:

From Lok Sabha High to Assembly: What Went Wrong for Congress in Haryana?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com